മീഡിയാവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി

0
161

കോഴിക്കോട് : മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവെച്ചു. മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവാണ് കേരള ഹൈക്കോടതി ശരിവച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ നിലവില്‍(11:11 am-08-02-2022) ചാനല്‍ സംപ്രേക്ഷണം തുടരുന്നുണ്ട്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

മീഡിയവണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നാഗരേഷ് വിധി പറഞ്ഞത്.

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നത്.

അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണ്. അതിനാല്‍ പരാതി തള്ളുന്നുയെന്നും ജസ്റ്റിസ് നാഗരേഷ് പറഞ്ഞു.

ദേശീയ സുരക്ഷയുടെ പേരില്‍ ക്ലിയറന്‍സ് നിഷേധിക്കപ്പെടുമ്പോള്‍ മുന്‍കൂര്‍ വാദം കേള്‍ക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ രേഖകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച ശേഷം വിധി പറയാമെന്നും കോടതി അറിയിച്ചിരുന്നു.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയവണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here