മോഷ്ടിച്ച മാല കുടുംബത്തോടൊപ്പം വീട്ടിലെത്തി തിരികെ നല്‍കി മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി മാല തിരികെ നല്‍കിയത്.
കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ നല്‍കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയതോടെ മാധവിക്കും സങ്കടമായി. കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും തിരികെ പോവാനുമായി 500 രൂപ നല്‍കി.
എന്നാല്‍ പൊലീസിനെ അറിയിക്കാതിരിക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും മറ്റൊരു വാഹനത്തില്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. വിഷ്ണു പ്രസാദിനെ പൊലീസെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ജനുവരി 29 നാണ് മോഷണം നടന്നത്. രണ്ടാര്‍കരയില്‍ വീടിനോട് ചേര്‍ന്ന് പലചരക്കു കട നടത്തുകയാണ് മാധവി. ഇവിടെ സാധനം വാങ്ങാനെന്ന പേരില്‍ എത്തിയ വിഷ്ണുപ്രസാദ് മാധവിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ വിഷ്ണുപ്രസാദിന്റെ മൊബൈല്‍ ഫോണ്‍ താഴെ വീണിരുന്നു.
മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി വിഷ്ണു പ്രസാദ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. പിടിക്കപ്പെടും എന്നുറപ്പായതോടെയാണ് വിഷ്ണുപ്രസാദ് മാലയുമായി തിരികെ എത്തിയതെന്നാണ് കരുതുന്നത്. നേരത്തെ പാചക വാതക സിലിണ്ടര്‍ മോഷ്ടിച്ചതിന് വിഷ്ണു പ്രസാദിനെതിരെ കേസുണ്ട്.