മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ;മരണ കാരണം മുഖ്യമന്ത്രിയും സർക്കാരും എന്ന് ആത്മഹത്യാക്കുറിപ്പ്

0
385

പറവൂർ: ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർ.ഡി.ഒ. ഓഫീസ് വരെ ഒന്നര വർഷം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളിയായ വീട്ടുടമ പുരയിടത്തിലെ മരക്കൊമ്പിൽ ജീവനൊടുക്കി. വടക്കേക്കര പഞ്ചായത്ത് മാല്യങ്കര കോയിക്കൽ സജീവ (57) നെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നതായി ബന്ധു പ്രശോഭ്, ഷിനിൽ, പഞ്ചായത്ത് അംഗം പി.എം. ആന്റണി എന്നിവർ പറഞ്ഞു. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. സ്വകാര്യ ചിട്ടി കമ്പനിയിൽ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോൾ വായ്പയ്ക്ക് മറ്റൊരു ബാങ്കിൽ അപേക്ഷിക്കാൻ തീരുമാനിച്ചു. കടം വാങ്ങി ചിട്ടി കമ്പനിയിൽ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കിൽ പണയത്തിനായി നൽകിയപ്പോഴാണ് ഡേറ്റാ ബാങ്കിൽ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്.

നിലം പുരയിടമാക്കി കിട്ടാൻ മൂത്തകുന്നം വില്ലേജ് ഓഫീസ്‌ മുതൽ പറവൂർ താലൂക്ക് ഓഫീസും ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ. ഓഫീസും പലകുറി കയറിയിറങ്ങി. ഒടുവിൽ ആർ.ഡി.ഒ. ഓഫീസിൽ പോയി മടങ്ങിവന്ന ശേഷമാണ് ജീവനൊടുക്കിയത്.

പുലർച്ചെ ഭാര്യയാണ് ചാഞ്ഞുനിൽക്കുന്ന മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയിൽനിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്.

കത്തിലെ എഴുത്തിൽ അവ്യക്തത ഉള്ളതിനാൽ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. ഭാര്യ: സതി. മക്കൾ: നിഥിൻദേവ്, അഷിതാദേവി. മരുമക്കൾ: വർഷ, രാഹുൽ. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്നു കണ്ടതിനെ തുടർന്ന് മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here