മംഗൽപ്പാടി: പഞ്ചായത്തിലെ മാലിന്യപ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിനായി ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഇതിനായി കളക്ടർ സ്വാഗത് ആർ. ഭണ്ഡാരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അഞ്ഞൂറോളം ഫ്ളാറ്റുകൾ മംഗൽപാടി ഗ്രാമപ്പഞ്ചായത്തിലുണ്ട്. ഫ്ളാറ്റ് മാലിന്യമടക്കം റോഡരികിൽ തള്ളുകയും മാലിന്യപ്രശ്‌നം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്. എല്ലാ ഫ്ളാറ്റുകളിലും മാലിന്യസംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം. ശുചിത്വ സംവിധാനമൊരുക്കാതെ പ്രവർത്തിക്കുന്ന ഫ്ളാറ്റുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാത്ത ഫ്ളാറ്റുകളുടെ കൈമാറ്റ രജിസ്‌ട്രേഷൻ ഉൾപ്പടെ നടത്തുകയില്ലെന്ന് ജില്ലാ രജിസ്ട്രാർ യോഗത്തിൽ അറിയിച്ചു. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്ററുടെ സർട്ടിഫിക്കറ്റ് ഭൂമി കെട്ടിട രജിസ്‌ട്രേഷന് ആവശ്യമാണ്. 28-നകം മാലിന്യസംസ്കരണ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും നിർദേശമുണ്ട്. അല്ലാത്ത പക്ഷം ഫ്ളാറ്റുകളിൽ താമസിക്കുന്ന വാടകക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും നോട്ടീസ് നൽകി ബന്ധപ്പെട്ട പോലീസ് ഇൻസ്‌പെക്ടർ സ്വീകരിക്കും. ഈ പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്ന് സഹകരണം ഉറപ്പുവരുത്തും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജെയ്‌സൺ മാത്യു, ജില്ലാ രജിസ്ട്രാർ ഹക്കീം, ലക്ഷ്മി എന്നിവർ പങ്കെടുത്തു.