പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി സർക്കാരിന് തള്ളാം; ഓർഡിനൻസിൽ ​ഗവർണർ ഒപ്പിട്ടു, സർക്കാരിന് ആശ്വാസം

0
221

തിരുവനന്തപുരം: ലോകായുക്ത ഭേ​ദ​ഗതി ഓർഡിനൻസിൽ ​(lokayukta amendment ordinance)ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു(governor signed). ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി ഇനി സർക്കാരിന് തളളാം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദ​ഗതിക്കാണ് ​ഗവർണർ അം​ഗീകാരം നൽകിയത്. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ​ഗവർണറുടെ തീരുമാനം.ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്.

നേരത്തെ ലോകായുക്ത അഴിമതിക്കേസിൽ ഉത്തരവിട്ടാൽ അത് കൈമാറേണ്ടത് ​ഗവർണർ,മുഖ്യമന്ത്രി,സർക്കാർ എന്നിവർക്കാണ്.1999ലെ ലോകായുതക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി അതേപടി അം​ഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കണം. ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽഅത് അം​ഗീകരിച്ചതായി കണക്കാക്കും. ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതായത്. ഇനി വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം.

ഭേദ​ഗതി ഒപ്പിട‌ാൻ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ​ഗവർണറെ മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടാണ് അനുനയിപ്പിച്ചത്. ഇന്നലെ മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെയാണ് രാജ് ഭവനിൽ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി ​​ഗവർണറെ ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ ലോകായുക്തക്ക് ഈ അധികാരമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ വിശദ പരിശ‌ോധനയിലും ഇക്കാര്യം ബോധ്യപ്പെട്ടെന്ന് ​ഗവർണറും വ്യക്തമാക്കിയിരുന്നു.

ലോകായുക്തയുടെ അധികാരം കവരും വിധത്തിലാണ് ഓർഡിനൻസ് നിലവിൽ വരുന്നത്. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

ലോകായുക്ത ഭേദഗതി ചർച്ചകൾ തുടങ്ങിയത് 2020 ഡിസംബറിൽ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.  മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയായിരുന്നു സർക്കാർ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയൻ്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ.

അതേസമയം കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന രമേശ് ചെന്നിത്തലയുടെ ഹർജി ലോകായുക്ത കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മന്ത്രി അധികാര ദുർവിനിയോ​ഗം നടത്തിയിട്ടില്ലെന്നായിരുന്നു ലോകായുക്ത വിധി. ‌

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച ലോകായുക്തയെയാണ് സർക്കാർ പുതിയ ഓർഡിനൻസിലൂടെ നിയന്ത്രിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here