പാണക്കാട് തങ്ങളെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രിയും വി എൻ വാസവനും; വേദി ആശുപത്രി ഉദ്ഘാടനം

0
398

മലപ്പുറം:  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരിലെ മുഹമ്മദലി ശിഹാബ് തങ്ങൾ സഹകരണ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി  ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. ഓൺലൈൻ വഴി ആയിരുന്നു പിണറായി ചടങ്ങിൽ പങ്കെടുത്തത്.

സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

” കേവലം രാഷ്ട്രീയ, ആത്മീയ സാമുദായിക നേതാവ് മാത്രം ആയിരുന്നില്ല പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടപഴകുന്ന ഇടങ്ങളിൽ എല്ലാം നിരുപാധിക സ്നേഹ ചൈതന്യം പ്രസരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ തങ്ങളെ കാണാൻ ദിവസവും നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. തർക്കങ്ങൾ, ഉൽകണ്ഠകൾ, ആധികൾ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ അദേഹം പരിഹരിച്ചു. സാമൂഹ്യ സേവനത്തിൻ്റെ വേറിട്ട ഒരു ചരിത്രം ആയിരുന്നു അത്. എണ്ണമറ്റ മഹല്ലുകളുടെ ഖാസി ആയി, നിരവധി സ്ഥാപനങ്ങളുടെ മേധാവിയായി, യാതൊരു ആക്ഷേപങ്ങൾക്കും ഇട നൽകാത്ത വിധം ശിഹാബ് തങ്ങൾ പ്രവർത്തിച്ചു. മുസ്ലിം ലീഗിൻ്റെ അധ്യക്ഷൻ എന്ന രാഷ്ട്രീയ പദവിയിൽ ഇരുന്നപ്പോഴും തൻ്റെ വെളുത്ത വസ്ത്രത്തിൽ ഒരിറ്റ് കറ പുരളാതിരിക്കാൻ അദ്ദേഹം ജാഗ്രത കാട്ടി. ഇതൊക്കെ കൊണ്ടാണ്  മുസ്ലിം സമൂഹത്തിന് മാത്രമല്ല, കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും  സമാദരണീയൻ ആകാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ജീവിത കാലം മുഴുവൻ ആശരണരും നിരാലംബരുമായ ജനങ്ങൾക്ക് വേണ്ടി നില കൊണ്ട അദ്ദേഹത്തിന് ഈ നാട് നൽകുന്ന ഉചിതമായ സ്മാരകം ആണ് ഈ ആശുപത്രി. മുഹമ്മദലി ശിഹാബ് തങ്ങൾ ഉയർത്തിപ്പിടിച്ച മാനവികതയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഈ സ്ഥാപനത്തിന് സാധിക്കണമെന്ന് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഈ ആശുപത്രിയെ ഓർമ്മിപ്പിക്കട്ടെ “.

ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം ചെയ്ത സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ വാനോളം പുകഴ്ത്തി.

“ഏറെ അഭിമാനകരം ആണിത്, സഹകരണ മേഖലയ്ക്ക് പൊൻതൂവൽ ആണ്.. ഏറ്റവും ബഹുമാന്യനും ആദരണീയനുമായ കരുണാർദ്രനായ ആത്മീയ ചൈതന്യത്തിൻ്റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസികളെ ആനയിച്ച  അതുപോലെതന്നെ ഭൗതിക ജീവിതത്തിലെ നാനാ മേഖലകളിൽ ജനങ്ങളെ കൈപിടിച്ചുയർത്തിയ കരുണാർദ്രമായ മനുഷ്യ സ്നേഹത്തിൻറെയും ബാല സദൃശമായ  നിഷ്കളങ്കതയുടെയും ഉന്നതമായ സാമൂഹിക ബോധത്തിന്റയും സർവോപരി ഉദാത്തമായ മനുഷ്യ സംസ്കാരത്തിൻ്റെയും പ്രതീകമായിരുന്ന ശിഹാബ് തങ്ങളുടെ പേരിലാണ്  ഈ ആശുപത്രി എന്നത് ഏറെ അഭിമാനിക്കാം..”

വിശ്വമാനവികതയുടെ പ്രതീകമാണ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നും വി എൻ വാസവൻ പറഞ്ഞു.  വി എൻ വാസവന് പുറമെ മന്ത്രി വി അബ്ദുറഹ്മാനും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും മുന്‍ മന്ത്രി കെ ടി ജലീൽ പങ്കെടുത്തില്ല. ചടങ്ങിൽ പങ്കെടുത്തു കൊണ്ടാണ് കെ ടി ജലീൽ തങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടത് എന്ന്  ഫേസ്ബുക്ക് പോസ്റ്റിൽ ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹ്മാൻ രണ്ടത്താണി വിമർശിച്ചു.

മുഖ്യമന്ത്രിയുടെയും വി എൻ വാസവൻ്റെയും വാക്കുകൾക്ക് ഏറെ രാഷ്ട്രീയ മാനം ഉണ്ട്. തങ്ങളുടെ പേരിൽ ഉള്ള ചടങ്ങിൽ അദ്ദേഹത്തെ പറ്റി നല്ലത് പറയുക സ്വാഭാവികം ആണെന്ന് ഇടത് കേന്ദ്രങ്ങൾ അഭിപ്രായപ്പെടുമ്പോഴും വരാനിരിക്കുന്ന രാഷ്ട്രീയ കാലത്തിനു ചൂണ്ടുപലക ആകുക ആണ് ഈ വാക്കുകൾ എന്നും വിലയിരുത്തുന്നവർ ഉണ്ട്. പി കെ കുഞ്ഞാലിക്കുട്ടി കെ ടി ജലീൽ കൂടിക്കാഴ്ചയും തുടർന്നുണ്ടായ സംഭവവികാസങ്ങളും എല്ലാം ഇതിനോട് ചേർത്ത് വായിക്കേണ്ടത് ആണ്.
എന്നാൽ ഇതിൽ ഒരു രാഷ്ട്രീയ വിഷയവും ഇല്ലെന്നും ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ കാണിക്കുന്ന മര്യാദയാണ് ഇടത് നേതാക്കൾ കാണിച്ചത് എന്നുമാണ് മുസ്ലിം ലീഗ് കേന്ദ്രങ്ങളുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here