നൂറു കണക്കിന് പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് പതിച്ചു; വിശദീകരണം പലത്‌; വീഡിയോ

0
372

മെക്സിക്കോ: നൂറു കണക്കിന് പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് വടക്കൻ മെക്സിക്കോയിലെ കുഹ്തെമൊക് നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. പ്രാദേശിക റിപ്പോർട്ട് പ്രകാരം ഫെബ്രുവരി ഏഴിനാണ്‌ സംഭവമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന പക്ഷികളാണ് കൂട്ടത്തോടെ താഴേക്ക് പതിച്ചത്‌. എന്തു കൊണ്ടാണ് ഇത്തരത്തിൽ പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് പതിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. താഴേക്ക് വീണ പക്ഷികളിൽ പലതും തിരിച്ചു പറന്നു പോയെങ്കിലും ഇവയിൽ ചിലതൊക്കെ നിരത്തിൽ ചത്തു കിടക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. കറുത്ത പുകമേഘം പോലെ ഒരു കൂട്ടം പക്ഷികൾ നിലത്തേക്ക് പതിക്കുന്നതാണ്‌ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത്.

പരുന്ത് പോലെയുള്ള ഭീകരൻ പക്ഷി ഈ പക്ഷിക്കൂട്ടങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറിയത് കൊണ്ടാവാം പക്ഷികൾ കൂട്ടത്തോടെ താഴേക്ക് പറന്ന് വീണതെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ 5ജിയാണ് ഇതിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകളും കൊഴുക്കുന്നുണ്ട്.

ഉയർന്ന തോതിലുള്ള മലിനീകരണം, മരം കത്തിക്കുന്ന ഹീറ്ററുകൾ, കാർഷിക രാസവസ്തുക്കൾ, തണുത്ത കാലാവസ്ഥ തുടങ്ങിയവ കൊണ്ടാകാം ഇത്തരത്തിൽ പക്ഷികൾ കൂട്ടത്തോടെ താഴേക്ക് പതിച്ചത് എന്ന് സംഭവം ആദ്യം റിപ്പോർട്ട് ചെയ്ത പ്രാദേശിക പത്രം വിദഗ്ദരെ ഉദ്ധരിച്ചു കൊണ്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here