ദുബൈ: അൽഭുതപ്പെടുത്തുന്ന അംബരചുംബികളും ശിൽപ ഭംഗിയാർന്ന നിർമിതികളാലും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ദുബൈയുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. നിർമാണം പൂർത്തിയാകുന്ന എമിറേറ്റിലെ സുപ്രധാന ലാൻഡ്മാർക്കായ ‘മ്യൂസിയം ഓഫ് ഫ്യൂചറാ’ണ് പുതുതായി ലോകത്തിന് തുറന്നുകൊടുക്കുന്ന നിർമിതി.
ഫെബ്രുവരി 22നാണ് യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന് അടുത്തായി സ്ഥിതി ചെയ്യുന്ന മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്നു വിശേഷിപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ തുറക്കുന്ന വിവരം പുറത്തുവിട്ടത്. 2022 യു.എ.ഇയെ സംബന്ധിച്ച് സുപ്രധാനമായ ഒരു വർഷമായിരിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.