കീവ്: റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് യുക്രെയിൻ. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അറിയിച്ചു.
തിരിച്ചടിക്കാൻ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിൻ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും വീടുകളിൽ തന്നെ കഴിയണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അറിയിച്ചു. റഷ്യ ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യൻ വിമാനങ്ങൾ യുക്രെയിൻ വെടിവച്ചിട്ടു. ഒരു ഹെലികോപ്ടറും തകർത്തു. അതേസമയം, കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം തുടരുകയാണ്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയിൽ നിന്ന് കീവ് ആക്രമണത്തിനിരയായതായി യുക്രെയിൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.
റഷ്യയുടെ ആക്രമണം നേരിടാൻ ലോകത്തോട് യുക്രെയിൻ സഹായം അഭ്യർത്ഥിച്ചു. പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തണം, റഷ്യയെ ഒറ്റപ്പെടുത്തണം, സാമ്പത്തിക സഹായം നൽകണം, ആയുധങ്ങൾ നൽകണം, മനുഷ്യത്വപരമായ പിന്തുണ നൽകണം എന്നീ ആവശ്യങ്ങൾ യുക്രെയിൻ ലോക രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.
! Ukraine's central military command reports Russia bombed several airports, including Kyiv Boryspil, Nikolaev, Kramatorsk, Kherson. Kharkiv military airport is burning. pic.twitter.com/IOrfGZgPL4
— Christo Grozev (@christogrozev) February 24, 2022