‘ഞാനൊക്കെ മരിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ’, എന്ന് തമാശയായി പറഞ്ഞ 24കാരന്റെ മൃതദേഹം ഷാർജയിൽ നിന്നും അയക്കേണ്ടി വന്നു; കണ്ണീരോടെ അഷ്‌റഫ് താമരശ്ശേരി

0
791

പ്രവാസലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളെ നാട്ടിലെത്താക്കാനായി ഓടി നടക്കുന്നതിനിടയിൽ കണ്ടുമുട്ടാറുള്ള യുവാവിന്റെ മൃതദേഹവും തനിക്ക് നാട്ടിലേക്ക് അയക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി. ഷാർജ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞദിവസം നാട്ടിലേക്ക് അയച്ച അഞ്ച് മൃതദേഹങ്ങളിലൊന്ന് തന്റെ സുഹൃത്തിന്റേതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഷാർജ വിമാനത്താവളത്തിലേക്കുള്ള പോലീസ് എയ്ഡ് പോസ്റ്റിലെ സെക്യൂരിറ്റിക്കാരനായ കാസർകോട് മധൂർ കൂടൽ ആർഡി നഗർ ഗുവത്തടുക്ക ഹൗസിലെ എംകെ ചന്ദ്രന്റേയും സാവിത്രിയുടേയും മകൻ സച്ചിൻ എംസി(24)യാണ് മരണപ്പെട്ടത്.

സച്ചിന്റേയടക്കം അഞ്ചു മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച സംഭവത്തെ കുറിച്ച് അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകൾ:

ഇന്ന് 5 മലയാളികളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഒരു സുഹൃത്തിൻറെ മരണം നിറ കണ്ണുകളോടെയല്ലാതെ വിവരിക്കാൻ കഴിയില്ല……

ഷാർജയിൽ നിന്നും മൃതദേഹങ്ങൾ അയക്കുമ്പോൾ വിമാനത്താവളത്തിലുള്ള പൊലീസ് ഐഡ് പോസ്റ്റിൽ നിന്നും രേഖകൾ സീൽ ചെയ്ത് വാങ്ങിക്കേണ്ടതുണ്ട്. ഇതിനായി ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഞാൻ അവിടെ കയറി ഇറങ്ങാറുണ്ട്. ഇതിനിടയിൽ കണ്ടു മുട്ടാറുള്ള മലയാളിയായ ഒരു സെക്യുരിറ്റിക്കാരൻ എന്നോട് സൗഹൃദം കാണിച്ച് പലപ്പോഴും നമ്പർ ചോദിക്കാറുണ്ട്. തിരക്കിനിടയിൽ നമ്പർ നൽകാൻ മറന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പട്ടാമ്പിക്കാരൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അവിടെ പോയി തിരക്കിൽ ഇറങ്ങി വരികയായിരുന്നു ഞാൻ. അപ്പോഴും ഈ സുഹൃത്ത് മുന്നിൽ വന്നു പെട്ടു. കയ്യിൽ ഒരു കേക്കിൻറെ കഷ്ണവും കരുതിയിട്ടുണ്ട്. അത് തന്ന ശേഷം എന്നോട് ഒരു കാര്യം പറഞ്ഞു. ‘ ഇക്കയുടെ നമ്പർ ഞാൻ വേറെ ആളിൽ നിന്നും സംഘടിപ്പിച്ചു. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാമല്ലോ എന്ന് കരുതിയാണ്. ഞാനൊക്കെ മരിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ ‘. ഞാൻ ആ കേക്ക് തിന്നുന്ന സമയത്തിനുള്ളിൽ അദ്ദേഹം ഇത്രയും പറഞ്ഞു വെച്ചു. ‘ ഒഴിവ് ദിനങ്ങളായ ശനിയും ഞായറും അല്ലാത്ത ദിവസം മരിച്ചാൽ മതി ‘. എന്ന് ഞാൻ തമാശയായി മറുപടിയും പറഞ്ഞു. അത് കേട്ട് ഞങ്ങൾ പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്. ഓട്ടപ്പാച്ചിലിനിടയിൽ ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാൽ അദ്ദേഹം സ്‌നേഹത്തോടെ തന്ന കേക്കിൻ കഷ്ണത്തിന് എൻറെ വിശപ്പിനെ തെല്ലൊന്ന് ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നു. ദിനംപ്രതി നിരവധി പേർ മരിച്ച വിവരം പറഞ്ഞു എന്നെ വിളിക്കാറുണ്ട്. ഇന്നലെ വന്ന വിളി കേട്ട് പതിവില്ലാതെ ഞാനൊന്ന് ഞെട്ടിപ്പോയി. കാസർകോട് മധൂർ കൂടൽ ആർ.ഡി നഗർ ഗുവത്തടുക്ക ഹൗസിലെ എം.കെ ചന്ദ്രന്റേയും സാവിത്രിയുടേയും മകൻ സച്ചിൻ എം.സി (24) , വിമാനത്താവളത്തിലെ സെക്യുരിറ്റി ജീവനക്കാരനായ ആ പ്രിയ സുഹൃത്തിൻറെ മരണ വാർത്തയുമായിട്ടായിരുന്നു ആ ഫോൺ കോൾ. മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു. ഇത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. എപ്പോഴാണ് അവസാന ശ്വാസം മുകളിലെക്കെടുത്ത് പുറത്തേക്ക് വിടാൻ കഴിയാതെ നിശ്ചലമായി പോകുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല……
വിടപറഞ്ഞ പ്രിയ സുഹൃത്തിന് നിത്യശാന്തി നേരുന്നു…..

LEAVE A REPLY

Please enter your comment!
Please enter your name here