ചായകുടിക്കാൻ 22 കി.മി; പൊലീസിന്റെ ‘ചായസൽക്കാരം’; പിന്നാലെ വിവാദം, പ്രതിഷേധം

0
255

പെരിന്തൽമണ്ണ : രാത്രിയിൽ ചായകുടിക്കാനായി ബൈക്കിൽ 22 കിലോമീറ്റർ യാത്രചെയ്ത് എത്തിയതാണെന്നു പറഞ്ഞ യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് ചായ നൽകുകയും പുലർച്ചെ വരെ തടഞ്ഞുവയ്ക്കുകയും ചെയ്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടി വിവാദത്തിൽ. ചായസൽക്കാരമെന്നാണ് പൊലീസിന്റെ അവകാശവാദമെങ്കിലും നടപടി പൊലീസിന്റെ സദാചാര ഗുണ്ടായിസമാണെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.

ടീ അറ്റ് മിഡ്നൈറ്റ് എന്ന പേരിൽ രാത്രിയിൽ യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ നഗരസഭാ കമ്മിറ്റി പൊലീസ് സ്റ്റേഷനു മുന്നിലൂടെ ചായക്കപ്പുകളുമേന്തി പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ടൗണിൽ കണ്ട 6 യുവാക്കളെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ആഞ്ഞിലങ്ങാടി സ്വദേശികളായ ഇവർ ചായകുടിക്കാനാണു പെരിന്തൽമണ്ണയിലെത്തിയതെന്നാണു പറഞ്ഞത്.

തുടർന്നാണ് എസ്ഐയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ ചായയുണ്ടാക്കി വിതരണം ചെയ്തത്. 4 മണിയോടെയാണ് ഇവരെ വിട്ടയച്ചത്. നിയമലംഘനങ്ങളൊന്നും കണ്ടെത്താത്തതിനാൽ കേസെടുത്തിട്ടില്ല. പൊലീസിന്റെ ആതിഥ്യമര്യാദയാണിതെന്നു പറഞ്ഞാണ് എസ്ഐ ചായ നൽകുന്നത്. ഇതിന്റെ വിഡിയോ മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു. ഇതോടെയാണ് സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ള പൊലീസിന്റെ അധികാരം ചോദ്യം ചെയ്ത് വിമർശനങ്ങളുയർന്നത്.

സൗഹൃദചായ എന്ന പേരിൽ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെയും വിമർശന കമന്റുകൾ നിറഞ്ഞു. ചില അനുകൂല കമന്റുകളുമുണ്ട്.യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി രാത്രി പൊലീസ് സ്റ്റേഷനു മുന്നിലൂടെ ചായക്കപ്പുകളുമേന്തി നടത്തിയ ടീ അറ്റ് മിഡ്നൈറ്റ് പ്രതിഷേധ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. ഷഫീഖ് പൊന്ന്യാകുർശി ആധ്യക്ഷ്യം വഹിച്ചു. മഞ്ചേരി അസംബ്ലി പ്രസിഡന്റ് ആസാദ് തമ്പാനങ്ങാടി, എടപ്പറ്റ മണ്ഡലം പ്രസിഡന്റ് ശിഹാബ്, സമീർ പാണ്ടിക്കാട് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here