ഗവർണർക്ക് പുതിയ ബെൻസ് കാർ വാങ്ങാം, 85 ലക്ഷം രൂപ അനുവദിച്ചു; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

0
349

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. ബെൻസ് കാർ വാങ്ങാൻ 85 ലക്ഷം രൂപയാണ് അനുവദിച്ചത്. ​ഗവർണർക്ക് പുതിയ കാർ വാങ്ങാനുള്ള പണം അനുവദിക്കാൻ സർക്കാർ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്.

പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്തുനൽകിയെന്ന വാർത്ത കുറച്ചുദിവസം മുമ്പ് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്തുനൽകിയത്. ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ല. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടി.  ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല.

അതേസമയം, താൻ കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണര്‍ ആരീഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവർണർ സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവൻ പി ആർ ഒ യ്ക്ക് സർക്കാർ പുനർനിയമനം നൽകിയിരുന്നു. രാജ്ഭവൻറെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. കരാർ കാലാവധി പൂർത്തിയാക്കിയ പി ആർ ഒ, എസ് ഡി പ്രിൻസിനാണ് പുനർനിയമനം നൽകിയത്. രാജ്ഭവൻ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവൻ ശുപാർശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്. ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചതിന് പിന്നാലെയായിരുന്നു  നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടത്.  എന്നാല്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെതിരെ നടപടിയെടുത്ത് ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ എല്‍ ഡി എഫില്‍ കടുത്ത എതിര്‍പ്പെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.

ഗവര്‍ണര്‍ വിലപേശിയതും അതിന് സര്‍ക്കാര്‍ വഴങ്ങിയതും ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപനം അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നിരിക്കെ ഉന്നതോദ്യോഗസ്ഥന്‍റെ സ്ഥാനം തെറുപ്പിച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയതെന്തിനായിരുന്നു എന്ന ചോദ്യമാണ് സി പി ഐ ഉയര്‍ത്തുന്നത്. ഗവര്‍ണറുമായുള്ള ചര്‍ച്ചക്ക് ശേഷം ഏകെജി സെന്‍ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം നേതാക്കളുമായി മാത്രം കൂടിയാലോചന നടത്തി തീരുമാനമെടുത്തിന്‍റെ അതൃപ്തിയും കാനം പ്രടിപ്പിക്കുന്നു. നിർണായക വിഷയം എൽ ഡി എഫിൽ ചർച്ച നടത്തുന്നില്ലെന്ന വിമർശനവും കാനത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here