ബംഗളൂരു: കർണാടകയിലെ വിദ്യാലയങ്ങളിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി. ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്.
ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്‌കൂൾ കവാടങ്ങളിൽ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹരജി നൽകിയ വിദ്യാർഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിർ അറിയിക്കുകയായിരുന്നു. അപ്പോൾ മുൻ ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി വ്യക്തമാക്കി.
അന്തിമ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി ഫെബ്രുവരി പത്തിന് ഉത്തരവിട്ടിരുന്നു. അന്നു മുതൽ അധ്യാപികമാരെയും ഹിജാബ് ധരിക്കാൻ അനുവദിച്ചിരുന്നില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.