കൃഷ്ണപ്പയുടെ വന്‍വീഴ്ച്ച, ‘കളിക്കാത്ത’ ആര്‍ച്ചര്‍ക്ക് എട്ടു കോടി, അടിസ്ഥാന വിലയില്‍ രഹാനെ

0
415

ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ പണം വാരിയവരുടേയും ചില്ലിക്കാശില്ലാതെ കൈ മലര്‍ത്തിയവരുടേയും കൂട്ടത്തിനിടയില്‍ ചില കയറ്റങ്ങളും ഇറക്കങ്ങളും കണ്ടു. കഴിഞ്ഞ സീസണിലെ ലേലത്തില്‍ കോടികള്‍ കൊയ്ത് ഞെട്ടിച്ച രണ്ട് പേര്‍ ഇത്തവണ അതിന്റെ ഏഴയലത്ത് പോലും എത്താതെ പിന്നാക്കം പോയപ്പോള്‍ മറ്റു രണ്ടു പേരുടെ ലേലത്തുക ലക്ഷത്തില്‍ നിന്ന് കോടിയിലെത്തി.

കഴിഞ്ഞ വര്‍ഷം 9.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കര്‍ണാടക താരം കൃഷ്ണപ്പ ഗൗതമിന് ഈ സീസണില്‍ ലഭിച്ചത് 90 ലക്ഷം രൂപ മാത്രം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് താരത്തെ തട്ടകത്തിലെത്തിച്ചത്. 2018-ല്‍ 11.50 കോടി രൂപയക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ജയദേവ് ഉനദ്കടിന് ഇത്തവണ മുംബൈ ഇന്ത്യന്‍സ് ചിലവഴിച്ചത് 1.40 കോടി രൂപ മാത്രം.

ഇന്ത്യക്കായി കളിക്കാത്ത താരങ്ങളില്‍ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡ് ഈ ലേലം വരെ കൃഷ്ണപ്പ ഗൗതമിന്റെ പേരിലായിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയുമായെത്തി 10 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ ആവേശ് ഖാന്‍ ഗൗതമില്‍ നിന്ന് ആ റെക്കോഡ് സ്വന്തമാക്കി.

റെക്കോഡ് തുകയ്ക്ക് ചെന്നൈയില്‍ എത്തിയെങ്കിലും ടീം ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ വിശ്വാസം നേടിയെടുക്കാന്‍ കൃഷ്ണപ്പ ഗൗതമിന് കഴിഞ്ഞില്ല. ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാതിരുന്ന കൃഷ്ണപ്പയെ ഈ സീസണില്‍ റിലീസ് ചെയ്യാന്‍ ചെന്നൈയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആദ്യം കൊല്‍ക്കത്തയും ഡല്‍ഹിയും രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ലക്‌നൗ ജഴ്‌സി അണിയാനാണ് കൃഷ്ണപ്പയക്ക് ഭാഗ്യം ലഭിച്ചത്.

കൃഷ്ണപ്പയേയും ഉനദ്കട്ടിനേയും കൂടാതെ വന്‍വീഴ്ച്ച സംഭവിച്ച മറ്റൊരു താരമാണ് ചെന്നൈയുടെ കരണ്‍ ശര്‍മ. അഞ്ചു കോടിയില്‍ നിന്ന് 50 ലക്ഷത്തിലേക്കാണ് കരണ്‍ വീണത്.  ഭാഗ്യതാരം എന്നു വിശേഷിപ്പിക്കുന്ന കരണ്‍ കഴിഞ്ഞ ആറു സീസണുകളില്‍ അഞ്ചു തവണയും ഫൈനല്‍ കളിച്ചു. അതില്‍ നാല് തവണയും കിരീടത്തിന്റെ ഭാഗമായി. മിക്കപ്പോഴും കളത്തിന് പുറത്തായിട്ടും റെക്കോഡ് കിരീടം നേടിയ ഉത്തര്‍ പ്രദേശുകാരനെ ഇത്തവണ ആര്‍സിബിയാണ് ലേലം വിളിച്ചെടുത്തത്. ഈ സീസണിലെങ്കിലും കിരീടം നേടാന്‍ കരണ്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബിയുടെ ഈ നീക്കം എന്നാണ് ആരാധകര്‍ പറയുന്നത്.

ഹര്‍ഷലിനും പ്രസിദ്ധിനും ലോട്ടറി

2021-ല്‍ 20 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിച്ച ഹര്‍ഷല്‍ പട്ടേലിന് വമ്പന്‍ ലോട്ടറി അടിച്ചു.10.75 കോടി രൂപയ്ക്കാണ് ആര്‍സിബി വീണ്ടും താരത്തെ തട്ടകത്തിലെത്തിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ 20 ലക്ഷത്തിന് ഒരു സീസണ്‍ കളിച്ച പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാന്‍ റോയല്‍സ് വലയെറിഞ്ഞു പിടിച്ചത് 10 കോടി രൂപയ്ക്കാണ്.

ഹര്‍ഷല്‍ പട്ടേലിനായി തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. എന്നാല്‍ 4.40 കോടിയിലെത്തിയപ്പോള്‍ അവര്‍ പിന്‍വാങ്ങി. പിന്നീട് ആര്‍സിബിയും ഹൈദരാബാദുമായി മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഹര്‍ഷലിനെ ആര്‍സിബി തന്നെ സ്വന്തമാക്കി.

കര്‍ണാടക താരങ്ങള്‍ക്കിടയിലെ കാശുകാരനാണ് പ്രസിദ്ധ് കൃഷ്ണ. ഒരു കോടി രൂപയായിരുന്നു 25-കാരന്റെ അടിസ്ഥാന വില. ലക്‌നൗവും ഗുജറാത്തും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് രാജസ്ഥാന്‍ പ്രസിദ്ധ് കൃഷ്ണയെ ടീമിലെത്തിച്ചത്.

‘കളിക്കാത്ത’ ആര്‍ച്ചര്‍ക്ക് എട്ടു കോടി, അടിസ്ഥാന വിലയില്‍ രഹാനെ

തോളിലെ പരിക്ക് കാരണം ഈ സീസണില്‍ ഐപിഎല്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടും മുംബൈ ഇന്ത്യന്‍സ് ജോഫ്ര ആര്‍ച്ചറെ ലേലം വിളിച്ചെടുത്തതാണ്‌ മറ്റൊരു ടേണിങ് പോയിന്റ്. ലേലത്തിന്റെ രണ്ടാം ദിനം എട്ടു കോടിയാണ് വിദേശ പേസ് ബൗളര്‍ക്ക് മുംബൈ മുടക്കിയത്. എന്നാല്‍ മുംബൈ ഉടമ ആകാശ് അംബാനിക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്.  അടുത്ത സീസണില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുംബൈയുടെ ബൗളിങ് ആര്‍ച്ചര്‍ ഭരിക്കുമെന്ന് ആകാശ് പറയുന്നു. അത് മുന്‍കൂട്ടി കണ്ടാണ് ഈ നീക്കം. സോഷ്യല്‍ മീഡിയയില്‍ മുംബൈ-ആര്‍ച്ചര്‍ മാരക കോമ്പിനേഷന്റെ ആവേശം മുംബൈ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് ലഭിച്ചത് കേവലം ഒരു കോടി രൂപ മാത്രം. അടിസ്ഥാന വിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ടീം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വിളിച്ചെടുത്തത്. മറ്റു ടീമുകള്‍ രഹാനെയില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഇന്ത്യക്കായി 2016 ഓഗസ്റ്റിന് ശേഷം ടി20 യും 2018 ഫെബ്രുവരിക്ക് ശേഷം ഏകദിനവും കളിക്കാത്ത താരമാണ് രഹാനെ. തന്നെ ഒരു ടെസ്റ്റ് ക്രിക്കറാക്കി മാത്രം കരുതരുത് എന്നും ടി20യിലും തന്റെ പ്രകടനം മികച്ചതാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here