കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി-സിപിഎം പരസ്യ ധാരണ ഉണ്ടാക്കി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുത്തതിന് ശേഷം ഉണ്ടായ വിവാദങ്ങളിൽ ജില്ലയിൽ തന്നെ ബിജെപിയിൽ കലാപം രൂക്ഷമായി നിരവധി നേതാക്കളും പ്രവർത്തകരും രാജിവെച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണിൽ പൊടിയിടാനും മുഖം രക്ഷിക്കുവാനും സിപിഎം ചെയർമാനെ പുറത്താക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പറയുന്ന ബിജെപി, അൽപമെങ്കിലും ധാർമികത എന്ന ഒന്നുണ്ടെങ്കിൽ സിപിഎം അംഗങ്ങളുടെ വോട്ട് വാങ്ങി ചെയർമാൻമാരായിട്ടുള്ള രണ്ട് പേരെ ആദ്യം രാജിവെയ്പിക്കട്ടെ എന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃയോഗം ആരോപിച്ചു.
ഇതിന് ചുക്കാൻ പിടിച്ച ഇരു പാർട്ടികളിലെയും ഉന്നത നേതാക്കൾകെതിരെയും നപടി ഉണ്ടാവണം. സമൂഹത്തിലുണ്ടായിട്ടുള്ള അപഹാസ്യത മറച്ച് വെയ്ക്കാൻ ഇരു കൂട്ടരും നടത്തി വരുന്ന ആഭാസങ്ങളും ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രിസിഡണ്ട് അഡ്വ: സക്കീർ അഹ്മദ് അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു. വി പി അബ്ദുൽ കാദർ, എം അബ്ബാസ്, അഷ്റഫ് കർള, എ കെ ആരിഫ്, ടി എം ശുഹൈബ്, സയ്യിദ് ഹാദി തങ്ങൾ, ഇബ്രാഹിം ബത്തേരി, അഹ്മദ് കുഞ്ഞി ഗുദ്ർ ചർച്ചയിൽ സംബന്ധിച്ചു.