ഒരു തരത്തിലുമുള്ള സൈനിക നീക്കത്തിനും തയ്യാറല്ലെന്ന് നാറ്റോ; ഒറ്റപ്പെട്ട് ഉക്രൈന്‍

0
280

ബ്രസല്‍സ്: ഉക്രൈനെ സഹായിക്കാന്‍ ഒരു തരത്തിലുമുള്ള സൈനിക നീക്കത്തിനും തയ്യാറല്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. അടിയന്തരമായി വിളിച്ചു ചേര്‍ത്ത നാറ്റോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിട്ടുള്ളത്.

അസോസിയേറ്റഡ് പ്രസ്സാണ് വാര്‍ത്ത പുറത്തു വിടുന്നത്.

സൈന്യത്തെ അയച്ചു കൊണ്ട് ഉക്രൈനെ ഒരു രീതിയിലും സഹായിക്കില്ലെന്നും, എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ രക്ഷയ്ക്കായി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവര്‍ വ്യക്തമാക്കി. കരസേന-നാവികസേന-വ്യോമസേന എന്നിവയെയായിരിക്കും തങ്ങളുടെ അതിര്‍ത്തിയില്‍ വിന്യസിക്കുക എന്നാണ് നാറ്റോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

27 യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ നടപടിയോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്. ഇതോടെ റഷ്യന്‍ ആക്രമണത്തിന് മുന്നില്‍ ഉക്രൈന്‍ ഒറ്റപ്പെടുന്ന അവസ്ഥയിലാണുള്ളത്.

എന്നാല്‍ ഉക്രൈന് ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്ന രാജ്യങ്ങള്‍ക്ക് അത് തുടരാമെന്നും, നാറ്റോ ഒരു സഖ്യമെന്ന നിലയില്‍ സൈനിക നടപടികള്‍ക്കില്ല എന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന നിര്‍ണായക വിവരം.

ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉക്രൈന് നേരത്തെ ലഭിച്ചിട്ടുണ്ടാവാമെന്നും, അക്കാരണത്താലാണ് തങ്ങളുടെ പൗരന്മാരെ ഉപയോഗിച്ചും റഷ്യയുടെ ആക്രമണം ചെറുക്കുമെന്ന് ഉക്രൈന്‍ നേരത്തെ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യക്ക് മുന്നില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസ്ഥയിലേക്കാണ് നാറ്റോ രാജ്യങ്ങള്‍ ഉക്രൈനെ കണ്ടുചെന്നെത്തിച്ചത്.

ഇനിയിപ്പോള്‍ തങ്ങളുടെ ശേഷി ഉപയോഗിച്ച് റഷ്യയോട് ചെറുത്തു നില്‍ക്കുക എന്നതുമാത്രമാണ് ഉക്രൈന് മുന്നിലുള്ള ഏക വഴി. എന്നാല്‍ എത്ര നേരം ആ ചെറുത്തുനില്‍പ് തുടരും എന്നതുമാത്രമാണ് ലോകം ഉറ്റുനോക്കുന്നത്.

റഷ്യ ഉക്രൈനെ ആക്രമിച്ചാല്‍ ഇത് കേവലം റഷ്യ-ഉക്രൈന്‍ യുദ്ധം എന്നതിലുപരി റഷ്യ-യൂറോപ്യന്‍ യൂണിയന്‍ യുദ്ധം എന്ന നിലയിലേക്ക് മാറുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ സെലന്‍സ്‌കിയുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയായാണ് നാറ്റോയുടെ നടപടി വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here