ബംഗളൂരു: വമ്പൻ താരങ്ങൾ അണിനിരന്ന ഐ പി എൽ താരലേലത്തിൽ ഏവരെയും ഞെട്ടിച്ച് സിംഗപൂർ ക്രിക്കറ്റർ ടിം ഡേവിഡ്. ആക്രമണകാരിയായ ബാറ്ററും വലങ്കൈയൻ ഓഫ്സ്പിന്നറുമായ ടിം ഡേവിഡിനെ 8.25 കോടിക്ക് മുംബയ് ഇന്ത്യൻസാണ് സ്വന്തമാക്കിയത്. വെറും 20 ലക്ഷം അടിസ്ഥാന വിലയുമായി ലേലത്തിന് എത്തിയ ടിം ഡേവിഡിന് ഇത്രയേറെ തുക ലേലത്തിൽ നിന്ന് ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ വർഷവും ടിം ഡേവിഡ് ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ആരും ടീമിൽ എടുത്തിരുന്നില്ല. എന്നാൽ ലേലത്തിന് ശേഷം പരിക്കേറ്റ ഫിൻ അലന് പകരമായി റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ടിം ഡേവിഡിനെ ടീമിൽ എടുത്തിരുന്നു.
അതേസമയം ടിം ഡേവിഡിന് വേണ്ടി മുംബയ് ഇന്ത്യൻസ് മുടക്കിയ 8.25 കോടി വെറുതേയാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സിംഗപൂരിന് വേണ്ടി 14 ടി ട്വന്റി മത്സരങ്ങളിൽ നിന്നായി 46.5 ശരാശരിയിൽ 558 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്, അതും 158.52 സ്ട്രൈക്ക് റേറ്റിൽ. മാത്രമല്ല ലോകത്തെ വിവിധ ക്രിക്കറ്റ് ലീഗുകളിൽ സജീവമായി പങ്കെടുക്കുന്ന ടിം ഡേവിഡ് അവിടെയെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗ്, ബിഗ് ബാഷ് ലീഗ്, ദ ഹണ്ട്രഡ്, വൈറ്റാലിറ്റി ലീഗ് എന്നിവയിലെല്ലാം കളിച്ച പരിചയസമ്പത്തുമായിട്ടാണ് ഈ 25കാരൻ ഇന്ത്യയിലെത്തുന്നത്.