മുംബൈ: ഐപിഎല്‍ താരലേലത്തിനുള്ള(IPL 2022 Auction) പട്ടികയില്‍ ഇത്തവണ ഒരു മന്ത്രിയും. പശ്ചിമ ബംഗാളിലെ കായിക-യുവജനക്ഷേമ സഹ മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മനോജ് തിവാരിയാണ്(Manoj Tiwary) ആകെ 590 കളിക്കാര്‍ ഉള്‍പ്പെടുന്ന ലേലപ്പട്ടികയില്‍ ഇടം നേടിയത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കളിക്കാരുടെ പട്ടികയിലാണ് തിവാരി ഇടം പിടിച്ചത്.
ഈ മാസം 12, 13 തീയതികളിലായി ബംഗലൂരുവിലാണ് ഐപിഎല്‍ മെഗാ താരലേലം നടക്കുക. ഐപിഎല്ലില്‍ മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സ് എന്നീ ടീമുകള്‍ക്കായി 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ള തിവാരി ഏഴ് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1695 റണ്‍സടിച്ചിട്ടുണ്ട്. 2018ല്‍ പഞ്ചാബ് കിംഗ്സിനായാണ് തിവാരി അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.
ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തിവാരി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷിബ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച തിവാരി ബിജെപിയുടെ റതിന്‍ ചക്രബര്‍ത്തിയെ തോല്‍പ്പിച്ചാണ് എംഎല്‍എ ആയത്. 36കാരനായ തിവാരിയെ മമത ബാനര്‍ജി മന്ത്രിസഭയില്‍ കായിക സഹ മന്ത്രിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ലേലത്തിലും തിവാരി പങ്കെടുത്തിരുന്നെങ്കിലും ആരും ടീമിലെടുത്തിരുന്നില്ല. 2018ല്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്നപ്പോള്‍ പഞ്ചാബ് കിംഗ്സ് തിവാരിയെ ടീമിലെടുത്തിരുന്നു.
കായിക മന്ത്രിയായിരിക്കെതന്നെ ഈ വര്‍ഷം ബംഗാളിന്‍റെ 21 അംഗ രഞ്ജി ട്രോഫി ടീമിലും തിവാരി ഇടം നേടി. കഴിഞ്ഞ രഞ്ജി സീസണ്‍ കൊവിഡ് മൂലം തിവാരിക്ക് നഷ്ടമായിരുന്നു.