അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഐഎന്‍എല്‍ വഹാബ് പക്ഷം

0
294

അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാന്‍ ഐഎന്‍എല്‍ വഹാബ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. മുന്‍ പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിനെയും ഒപ്പമുള്ളവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് മറുപക്ഷത്തിന്റെ നീക്കം.

ഐഎന്‍എല്‍ പിളര്‍ന്നതിനു പിന്നാലെ അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനാണ് വഹാബ് പക്ഷത്തിന്റെ ശ്രമം. അടുത്തയാഴ്ച മുഖ്യമന്ത്രിയെയും ഇടതുമുന്നണി നേതൃത്വത്തെയും കാണും. ഒറ്റ പാര്‍ട്ടിയായി തുടര്‍ന്നാലേ ഐഎന്‍എല്‍ മുന്നണിയില്‍ ഉണ്ടാകൂ എന്നാണ് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ മുന്നറിയിപ്പ്.

അതേസമയം വീണ്ടും പാര്‍ട്ടി പിളര്‍ന്നതോടെ എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും നിലപാട് നിര്‍ണായകമാകും. ഏത് ഐഎന്‍എല്‍ വിഭാഗത്തെയാണ് മുന്നണി അംഗീകരിക്കുക എന്നതും പ്രധാനമാണ്. സംസ്ഥാന കൌണ്‍സില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തയാഴ്ച സെക്രട്ടറിയേറ്റ് യോഗം വിളിക്കാനാണ് വഹാബ് പക്ഷത്തിന്റെ തീരുമാനം. അതിന് ശേഷം മുന്നണി നേതൃത്വത്തെ കാണും.

സംസ്ഥാന കൌണ്‍സില്‍ വിളിച്ച എ പി അബ്ദുല്‍ വഹാബിനെയും കൂട്ടരെയും പുറത്താക്കാനാണ് മറുപക്ഷത്തിന്റെ നീക്കം. അഡ്‌ഹോക്ക് കമ്മിറ്റിയുടെ ശുപാര്‍ശ കേന്ദ്ര നേതൃത്വം അംഗീകരിക്കും. ഐഎന്‍എല്ലിന് നേരത്തെ അനുവദിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്ക് ഇരു വിഭാഗവും വ്യത്യസ്ത പട്ടികകള്‍ കൈമാറിയിരുന്നു. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അവയും നഷ്ടപ്പെട്ടേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here