അനുവാദമില്ലാതെ ആരോ എടുത്ത ദൃശ്യങ്ങള്‍ വൈറലായി; റോഷ്‌നി പാമ്പിനെ പിടിക്കുന്നത് ശാസ്ത്രീയമായി

0
326

തിരുവനന്തപുരം: സാധാരണ പാമ്പിനെ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാന്‍ റോഷ്‌നി അനുവദിക്കാറില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ കാട്ടാക്കടയില്‍ അനുവാദമില്ലാതെ ആരോ എടുത്തു. അതോടെ മൂര്‍ഖന്‍ പാമ്പിനെ റോഷ്നി പിടികൂടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ അംഗമായ റോഷ്നി പാമ്പിനെ ശാസ്ത്രീയമായി പിടികൂടിയാണ് കൂട്ടിലാക്കിയത്. കാട്ടാക്കടയിലെ ഒരു വീട്ടില്‍ മൂര്‍ഖനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റോഷ്നിയും സംഘവും അവിടെയെത്തിയത്. തുടര്‍ന്ന് പാമ്പുപിടിത്തത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍കൊണ്ട് മൂര്‍ഖനെ പിടികൂടി ചാക്കിലാക്കി. പിന്നീട് ഇതിനെ വനത്തില്‍ വിട്ടു.

2017-ല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് റോഷ്നി ജോലിക്കു കയറിയത്. 2019-ലാണ് വനംവകുപ്പ് സുരക്ഷിതമായി എങ്ങനെ പാമ്പിനെ പിടിക്കാമെന്നതില്‍ പരിശീലനം നല്‍കിയത്. അതിനു ശേഷം പെരുമ്പാമ്പ്, അണലി എന്നിവയുള്‍പ്പെടെയുള്ള പാമ്പുകളെ റോഷ്നി പിടികൂടി.

പാമ്പുകള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ പെട്ടുപോകുന്നതാണെന്ന് റോഷ്നി പറയുന്നു. പിടികൂടുന്ന പാമ്പുകളെ അവയുടെ ആവാസവ്യവസ്ഥയിലേക്കു സുരക്ഷിതമായി എത്തിക്കും. പാമ്പിനെ പിടികൂടുന്നതിനായി ടൂള്‍ കിറ്റും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. ബാഗ്, പി.വി.സി. പൈപ്പ്, കൊളുത്ത് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് കിറ്റിലുള്ളത്.

വന്യമൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലേക്ക് മാറ്റം ചോദിച്ച് വാങ്ങുകയായിരുന്നു. നിലവില്‍ കുറ്റിച്ചല്‍ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് റോഷ്നി ജോലി ചെയ്യുന്നത്.

സഹകരണ വകുപ്പിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സജിത് കുമാറാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്. പ്രാദേശികമായി പാമ്പിനെ പിടിക്കുന്നവരും മൂന്നു വര്‍ഷം മുന്‍പ് നടന്ന പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ പരിശീലനം ലഭിച്ച പത്തോളം പാമ്പുപിടിത്തക്കാര്‍ സേവനത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here