മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ടീമിലെ എട്ട് അംഗങ്ങള്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍ ഒരുപക്ഷേ കളിക്കാനാകില്ല.
അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടമണിഞ്ഞ ടീമിലെ വൈസ് ക്യാപ്റ്റന്‍ ഷായിക് റഷീദ്, ഇടംകൈയന്‍ പേസ് ബൗളര്‍ രവി കുമാര്‍, ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി, മാനവ് പരാഖ്, ഗര്‍വ് സാങ്‌വാന്‍, ദിനേഷ് ബന എന്നിവര്‍ക്കാണ് ബിസിസിഐ ചട്ടം ഐപിഎല്‍ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്.
ഐപിഎല്ലില്‍ കളിക്കാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസാണ്. അതായത് ഇത്തവണത്തെ ലേലത്തിനു മുമ്പ് 19 വയസ് പൂര്‍ത്തിയാകുന്ന താരങ്ങള്‍ക്ക് മാത്രമേ ടൂര്‍ണമെന്റിന്‍രെ ഭാഗമാകാനാകൂ. അല്ലെങ്കില്‍ ഇതിനകം ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ ലിസ്റ്റ് എ മത്സരമോ എങ്കിലും കളിച്ചിരിക്കണം. ബിസിസിഐയുടെ ഈ മാനദണ്ഡമാണ് ഇന്ത്യയ്ക്കായി ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.
അതേസമയം ഈ വിഷയം ബിസിസിഐ പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി ആഭ്യന്തര ടൂര്‍ണമെന്റുകള്‍ നടക്കുന്നില്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ താരങ്ങള്‍ക്ക് ബിസിസിഐ ഇളവ് അനുവദിച്ചേക്കും.
ഫെബ്രുവരി 12, 13 തീയതികളിലായാണ് ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലം. ഇക്കാരണത്താല്‍ തന്നെ ഫെബ്രുവരി 17-ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ രഞ്ജി ട്രോഫി സീസണിനായി അതാത് സംസ്ഥാനങ്ങള്‍ ഈ താരങ്ങളെ തങ്ങളുടെ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും കാര്യമില്ല.