സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം; മന്ത്രി ശിവന്‍കുട്ടിക്ക് കൊവിഡ്

0
216

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

അതേസമയം, കൊവിഡ് വ്യാപനം ശക്തമായതോടെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.

വനം, ദേവസ്വം വകുപ്പിലെ ഉദ്വേഗസ്ഥര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളില്‍ നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം പുനരാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അണ്ടര്‍ സെക്രട്ടറി വരെയുള്ളവര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് ആവശ്യം.

സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. നിരവധി പേര്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ സെന്‍ട്രല്‍ ലൈബ്രറി അടച്ചത്.

വിവിധയിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍ ഓരോ ദിവസവും കൂടി വരികയാണ്.

ഇതിനിടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരിലും, പൊലീസിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്

തിരുവനന്തപുരത്ത് മാത്രം കെ.എസ്.ആര്‍.ടി.സിയിലെ 80 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി.യിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 13 ഡ്രൈവര്‍മാര്‍ക്കും 6 കണ്ടക്ടര്‍മാര്‍ക്കും ഒരു ഓഫീസ് ജീവനക്കാരനും കൊവിഡ് പിടിപെട്ടു.

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും കൊവിഡ് പിടിപെട്ടു. എ.ഡി.ജിപിയും എസ്.പിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനില്‍ 4 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഡീഷണല്‍ എസ്.ഐ, എ.എസ്.ഐ, രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് രോഗം.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 2,38,018 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. 310 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.

പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 14.43%മായി കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. 12,528 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here