സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം?; കോവിഡ് അവലോകന യോഗം ഇന്ന്

0
260

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്നു രാവിലെ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസ മന്ത്രിയെ യോഗത്തിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

സ്‌കൂളുടെ പ്രവര്‍ത്തനം  സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്‌കൂള്‍ അടക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഒമൈക്രോണ്‍ വ്യാപനം തീവമാവുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രവര്‍ത്തന സമയം കുറച്ചു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി ഇന്നത്തെ യോഗം ഇക്കാര്യത്തില്‍ തീരുമാനെടുക്കുമെന്നാണ് സൂചന.

രോഗവ്യാപനം രൂക്ഷം

രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ധസമിതിയുടേതടക്കം പുതിയ നിര്‍ദേശങ്ങള്‍ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും.

ടിപിആര്‍ 11 നും മുകളില്‍

കേരളത്തില്‍ ഇന്നലെ 6238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ആഴ്ച്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വര്‍ധന. ടിപിആറും ഉയര്‍ന്നു. ഇന്നലെ 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ടിപിആര്‍ പത്ത് ശതമാനം കടക്കുന്നത് ഒന്നരമാസത്തിന് ശേഷമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here