സംസ്ഥാനത്ത് സംഘർഷാവസ്ഥ, പലയിടത്തും ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ

0
333

മലപ്പുറം: ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ   എസ്എഫ്ഐ, ഡിവൈഎഫ് ഐ, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം സംസ്ഥാനത്തിന്റെ പലയിടത്തും സംഘർഷാവസ്ഥയിലേക്കെത്തി. പലയിടത്തും യൂത്ത് കോൺഗ്രസ്-ഡിവൈഎഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും, കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഒറ്റപ്പാലത്തും സംഘർഷവും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണവുമുണ്ടായി.

മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക്‌ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ചെറിയ തോതിൽ സംഘർഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. പിന്നാലെ ഡിവൈഎഫ്ഐ -സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം പിണറായി വിജയനും കോടിയേരിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ വർധിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗം പ്രവർത്തകരെയും മാറ്റി.  മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്.

കൊല്ലം പുനലൂരിൽ എസ് എഫ് ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷമുണ്ടായി.കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു. ചവറയിൽ എൻ.കെ.പ്രേമചന്ദ്രൻ എം പിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതിയുയർന്നു. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡി വൈ എഫ് ഐ പ്രവർത്തകർ വാഹനം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.

പത്തനംതിട്ടയിലും സംഘർഷമുണ്ടായി.  ഡിവൈഎഫ്ഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും നേർക്കുനേർ വന്നു. എന്നാൽ പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. അതേ സമയം, കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി.  എസ് എഫ് ഐയുടെ പ്രകടനത്തിന് ശേഷമായിരുന്നു സംഭവം. ഓഫീസിന്റെ വാതിൽ ഗ്ലാസും ജനൽചില്ലും കല്ലേറിൽ തകർന്നു.

പാലക്കാട് ഒറ്റപ്പാലത്ത് കേരള ബാങ്കിന് നേരെ കല്ലേറുണ്ടായി.  ബാങ്കിന്റെ സായാഹ്ന ശാഖ ഓഫീസിന്റെ ചില്ലുകൾ തകർന്നു. കല്ലെറിഞ്ഞത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകന്റെ  കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ കെ സുധാകരന്റെ ചിത്രമുള്ള ബോർഡ് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള ബാങ്കിന് നേരെ കല്ലേറുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here