ലോകായുക്തയ്ക്ക് എതിരായ ആരോപണം: കെടി ജലീൽ ഒറ്റപ്പെടുന്നു, അധിക്ഷേപം വേണ്ടെന്ന് സിപിഎം

0
193

തിരുവനന്തപുകം: ജസ്റ്റിക്ക് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ കെടി ജലീൽ ഒറ്റപ്പെടുന്നു. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാട്. ഇതോടെ ജലീൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വരും. ഇന്നലെ ലോകായുക്തയുടെ പേരെടുത്ത് പറയാതെ ഗുരുതര ആരോപണങ്ങൾ ജലീൽ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നുള്ള വിമർശനം ശക്തമായിരുന്നു.

തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ജലീൽ ആക്ഷേപിച്ചത്. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എംജി സർവകലാശാലയിൽ വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചു. നേരിട്ട് പേര് പറയുന്നില്ലെങ്കിലും തനിക്കെതിരായ വിധി കൂടി പറയുന്ന ജലീൽ നൽകുന്ന സൂചനകളെല്ലാം ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയാണ്.

ലോകായുക്ത ഓർഡിനൻസിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് ജലീലിൻറെ കടുത്ത ആരോപണം. ലോകായുക്ത ഭേദഗതിയെ ന്യായീകരിക്കാനുള്ള ഫേസ് ബുക്ക് പോസ്റ്റിലുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അതീവ ഗൗരവമേരിയ വ്യക്തിപരമായ ആരോപണങ്ങൾ. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്നും രക്ഷപ്പെടുത്താൻ സ്വന്തം സഹോദരി ഭാര്യക്ക് എംജി യൂണിവേഴ്സിറ്റി വിസി  പദവി വിലപേശി വാങ്ങിയ ഏമാൻ എന്നാണ് വിമർശനം.  മൂന്ന് കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും നയാപൈസയുടെ ക്രമക്കേട് കണ്ടെത്താതാതെ പത്തി മടക്കി പിൻവാങ്ങിയപ്പോൾ പിണറായി സർക്കാറിനെ പിന്നിൽ നിന്നും കുത്താൻ യുഡിഎഫ് പുതിയ കത്തി കണ്ടെത്തി എന്നാണ് ലോകായുക്തയെ കുറിച്ചുള്ള അടുത്ത ആരോപണം.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോൺഗ്രസ് നിർദ്ദേശിച്ച മാന്യനെ ഇപ്പോഴുള്ള പദവിയിൽ പന്തീരാണ്ട് കാലം ഇരുത്തി ഇടത് സർക്കാറിനെ അസ്തിരപ്പെടുത്താനാണ് യുഡിഎഫ് പടപ്പുറപ്പാടെന്നും കുറ്റപ്പെടുത്തൽ. സ്വന്തം കേസടക്കം ജലീൽ പറഞ്ഞ സൂചനകളെല്ലാം ലോകായുക്ത ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയാണ്.

2005 ജനുവരി 25-ന് പുറത്ത് വന്ന വിധിയുടെ കോപ്പിയും 2004 നവംബർ 14-ന് സഹോദരഭാര്യ വിസി പദവി ഏറ്റെടുത്തതിൻ്റേയും രേഖ നാട്ടിലെ മുറുക്കാൻ കടയിൽ പോലും കിട്ടുമെന്നാണ് അടുത്ത പരിഹാസം. ജലീൽ സൂചിപ്പിച്ച ദിവസത്തെ വിധി ഐസ്ക്രീം കേസിൽ പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധിയാണ്. അന്നത്തെ ഡിവിഷൻ ബെഞ്ചിൽ സിറിയക് ജോസഫുമുണ്ടായിരുന്നു. ജലീൽ സൂചിപ്പിച്ച ജിയ്യതിയിലായിരുന്നു സിറിയക് ജോസഫിൻറെ സഹോദര ഭാര്യ ജാൻസി ജെയിംസിനെ എംജി വിസിയാക്കി നിയമിച്ചത്. കോൺഗ്രസ്സാണ് ലോകായുക്തക്ക് പിന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുമ്പോഴും സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് ഒന്നാം പിണറായി സർക്കാർ എന്ന കാര്യം ജലീൽ പറയുന്നുമില്ല.

ജുഡീഷ്യറിയോടുള്ള സർക്കാറിൻ്റെ പരസ്യവെല്ലുവിളിയാണ് ജലീൽ നടത്തിയതെന്നാണ് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സർക്കാറിൻ്റെ ചാവേറായ ജലീലിന് ലോകായുക്തയുടെ അടി കൊണ്ടതാണ് വീര്യം കൂടുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here