റിസോർട്ടിൽ ലഹരി പാർട്ടി: ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കം 15 പേർ കസ്റ്റഡിയിൽ

0
281

വയനാട്: സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്.

പൊലീസ് നടത്തിയ പരിശോധനയിൽ  അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം.

ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here