രാജ്യത്ത് കൊവിഡ് കുതിക്കുന്നു; പ്രതിദിന രോ​ഗികൾ രണ്ടര ലക്ഷത്തിലേക്ക്; കഴിഞ്ഞ ദിവസത്തേക്കാൾ 27 ശതമാനം വർധന

0
333

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുന്നു. പ്രതിദിന കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുത്തു. 247417 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 27 ശതമാനം വർധനയാണ് രോ​ഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 5,488 ഒമിക്രോൺ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.

പ്രധാനമന്ത്രി വിളിച്ച യോ​ഗം ഇന്ന്

കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേർന്ന കൊവിഡ് അവലോകന യോഗത്തിലെ നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും.

ദേശീയ ലോക്ക്ഡൗൺ അജണ്ടയിലില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. യുപിയിൽ 13000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും ദില്ലിയിലും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ 46,723 പേരും ദില്ലിയിൽ 27,561പേരും രോഗബാധിതരായി. ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയർന്നു.

തമിഴ്നാട്ടിൽ ഇന്നലെ 17934 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 7372 പുതിയ രോഗികളുണ്ട്.19 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ്മരണം 36905 ആയി. ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.3% ആണ്. സംസ്ഥാനത്തെ ടിപിആർ 11.3% ആയി ഉയർന്നു. നാളെ പൊങ്കൽ ഉത്സവം തുടങ്ങാനിരിക്കെ സാമൂഹിക നിയന്ത്രണം ഉറപ്പാക്കാൻ 16000 പൊലീസുകാരെയാണ് ചെന്നെയിൽ മാത്രം വിന്യസിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്. രാത്രി കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ തുടരുകയാണ്.

‘കേരളത്തിലെ കൊവിഡ് കുതിപ്പിനെ ഒമിക്രോൺ തരംഗമായി കണക്കാക്കാം’: ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് അതിവേഗം

സംസ്ഥാനത്ത് നിലവിലെ കൊവിഡ് (Covid 19) കുതിപ്പിനെ ഒമിക്രോൺ (Omicron) തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിർദേശം. അതേസമയം, നിലവിലെ വ്യാപനം ഇപ്പോഴും ഡെൽറ്റ വകഭേദം കാരണമാണെന്നാണ് സർക്കാർ നിലപാട്. അതിനിടെ കേസുകളുയരുമ്പോൾ രോഗികൾ ഗുരുതരാവസ്ഥയിലെത്തുന്നത് തടയുന്ന മോണോക്ലോണൽ ആന്റിബോഡി മരുന്ന് പ്രധാന സർക്കാരാശുപത്രികളിൽ കിട്ടാതായിത്തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here