തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ക്കോട് ജില്ലയിൽ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഹൈക്കോടതി ഉത്തരവ് പിണറായി സർക്കാരിനും സിപിഎമ്മിനുമേറ്റ കനത്ത പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ക്ലസ്റ്ററായി സി.പി.എം പാർട്ടി സമ്മേളന വേദികൾ മാറുമ്പോൾ മമ്മുട്ടിയെ ഉദാഹരിച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സി.പി.എം സമ്മേളനം നടത്തുന്നതിനെ ന്യായീകരിക്കുന്ന കോടിയേരി, കൊടിയേറ്റം സിനിമയിലെ ഗോപിയുടെ ശങ്കരൻ കുട്ടിയായി മാറുകയാണ്. സർക്കാർ എന്ത് വങ്കത്തരം പറഞ്ഞാലും ചെയ്താലും അതിൽ ന്യായീകരണം കണ്ടെത്തുന്ന പാർട്ടി സെക്രട്ടറി സി.പി.എം സമ്മേളനങ്ങൾ നടത്തി കേരളത്തിലെ ജനങ്ങളെ അപകടത്തിലാക്കുകയാണ്. മമ്മുട്ടി ഗുണ്ട ആയിട്ടാണോ കേരളത്തിൽ ഗുണ്ടാ ആക്രമണം നടക്കുന്നത്? കോവിഡ് മാനദണ്ഡങ്ങൾ സി.പി.എമ്മിന് ബാധകമല്ലങ്കിൽ ജനങ്ങൾക്ക് ബാധകമാകുന്നത് എങ്ങിനെ? കേരളത്തിലെ ഭരണപക്ഷം എന്ന നിലയിൽ സി.പി.എമ്മിന് കൂടുതൽ ഉത്തരവാദിത്വമുണ്ട്.
കാസർക്കോട് കളക്ടർ എടുത്ത കൊവിഡ് മാനദണ്ഡ തീരുമാനങ്ങൾ മിനിറ്റുകൾക്കകം പിൻവലിക്കാൻ കാരണമെന്താണ്? വിവാഹത്തിന് അമ്പത് പേർ എന്ന് പറയുമ്പോൾ അടച്ചിട്ട മുറിയിൽ 150 ആളുകൾ ആകാം എന്ന നിർദ്ദേശം എന്തടിസ്ഥാനത്തിലാണ്?
കേരളത്തിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം കേരള സർക്കാരാണ്. ആരോഗ്യ മന്ത്രിയും വകുപ്പും നോക്കുകുത്തികളായിരിക്കുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.