പരിശോധിക്കുന്നവരില്‍ രണ്ടിലൊരാള്‍ കോവിഡ് പോസിറ്റീവ്; 9 ജില്ലകളില്‍ കടുത്ത നിയന്ത്രണം

0
235

തിരുവനന്തപുരം∙ പരിശോധിക്കുന്നവരില്‍ രണ്ടിലൊരാള്‍ പോസിറ്റീവെന്ന അതീവഗുരുതരാവസ്ഥയെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം. 9 ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ജില്ല ഏറ്റവുമധികം നിയന്ത്രണമുള്ള ‘സി’ വിഭാഗത്തിലാണ്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ സിൻഡ്രോമിക് മാനേജ്‌മെന്റ് രീതിയാകും നടപ്പിലാക്കുക.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പരിശോധന കൂടാതെതന്നെ രോഗിയായി കണക്കാക്കി ക്വാറന്റീനിൽ പ്രവേശിക്കുന്ന രീതിയാണ് ഇത്. ഇത്തരക്കാരിൽ കോവിഡ് സ്ഥിരീകരിക്കണമെന്നില്ല. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ കർശനമായി 7 ദിവസം ക്വാറന്റീനിൽ കഴിയണം. കൃത്യസമയത്ത് പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

തിരുവനന്തപുരത്ത് തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും പൂട്ടി. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകൾ മാത്രമായി ചുരുക്കി. തിരുവനന്തപുരത്ത് 20 പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും അഗസ്ത്യാര്‍കൂടം യാത്ര നിര്‍ത്തിവയ്ക്കാന്‍ തയാറായിട്ടില്ല. ബേസ് ക്യാംപില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥിതിയുണ്ട്.

ബി വിഭാഗത്തിൽ പെട്ട പത്തനംതിട്ട, കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ പൊതുപരിപാടികളും മതപരമായ ഒത്തുചേരലുകളും നിരോധിച്ചു. ഈ ജില്ലകളിലും വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേരേ പാടുള്ളൂ. മാളുകളും ബാറുകളും തുറന്നിരിക്കുമ്പോള്‍ സംസ്ഥാനത്ത് 9 ജില്ലകളിൽ തിയറ്ററുകൾ അടച്ചതിനെതിരെ പ്രതിഷേധവുമായി ഉടമകള്‍ രംഗത്തെത്തി. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വിഷയത്തിൽ പ്രതിഷേധം അറിയിച്ചു.

കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകൾ ‘എ’ വിഭാഗത്തിലാണ്. ഇവിടെ വിവാഹ, മരണാനന്തര ചടങ്ങുകളിൽ 50 പേർ വരെയാകാം. രോഗവ്യാപനം കുറഞ്ഞ കാസർകോടും കോഴിക്കോടും ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, വിവാഹങ്ങൾക്കും മറ്റും അകലം ഉറപ്പു വരുത്തണം. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡിതര ചികിത്സ അടിയന്തര ആവശ്യക്കാര്‍ക്കായി മാത്രം പരിമിതപ്പെടുത്തും.

‌കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഒാക്സിജന്‍ കിടക്കകള്‍ ആവശ്യമുളളവരുടെ എണ്ണം120 ശതമാനവും ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 59 ശതമാനവും വര്‍ധിച്ചു. വീട്ടില്‍വച്ച് നടത്തുന്ന പരിശോധനകളുടെ ഫലം തെറ്റാനിടയുണ്ടെന്നും ലാബുകളെ ആശ്രയിച്ച് പരിശോധന നടത്തുന്നതാണ് ഉചിതമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here