ദേശീയപാത വികസനം: മേൽപാലം നിർമിക്കുന്ന കാസർകോട് സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി

0
266

കാസർകോട്∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽപാലം നിർമിക്കുന്ന കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി. പാലത്തിന്റെ മുന്നോടിയായി കറന്തക്കാടും പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും പൈലിങ് പൂർത്തിയായി. 28 ദിവസത്തിന്‌ ശേഷം പരിശോധന കഴിഞ്ഞാണ്‌ തൂൺ നിർമാണം തുടങ്ങുക. 40 മീറ്റർ ഇടവിട്ട്‌ 30 തൂണുകളാണ്‌  നിർമിക്കുക. മേൽപ്പാലം നിർമാണത്തിന്‌ ഗതാഗതം വഴി തിരിച്ച്‌ വിടും. ഇതിനായുള്ള പുതിയ ബദൽ സർവീസ്‌ റോഡ്‌ പ്രവൃത്തി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടങ്ങി.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള റോഡ്‌ പണി ജില്ലയിലെ പലയിടങ്ങളിലായി തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിക്കലും മരങ്ങൾ മുറിച്ചുമാറ്റലും  ഏറെ പൂർത്തിയായി.  മണ്ണ്‌ നിരപ്പാക്കി ആറു വരിയിൽ റോഡ്‌ നിർമിക്കാനുള്ള പ്രവൃത്തിയും പലയിടങ്ങളിലായി തുടങ്ങിയിട്ടുണ്ട്.ബേവിഞ്ച പള്ളി, ചട്ടഞ്ചാൽ  പൊലീസ്‌ സ്‌റ്റേഷൻ എന്നിവിടങ്ങളിലെ വളവുകൾ ഒഴിവാക്കി കുന്നുകൾ  പരസ്‌പരം ബന്ധിപ്പിച്ചാണു റോഡ്‌ നിർമാണമെന്ന് അധികൃതർ അറിയിച്ചു.

തെക്കിൽ പാലം നിർമാണത്തിന്റെ അനുബന്ധ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.പുല്ലൂരിലും വളവുകൾ ഒഴിവാക്കിയാണ്‌ റോഡ്‌ നിർമാണം. ചാലിങ്കാലിൽ ടോൾ പ്ലാസയ്ക്കായുള്ള  ഭൂമിയൊരുക്കൽ അവസാന ഘട്ടത്തിലാണ്‌. ചെർക്കള, മാവുങ്കാൽ പാണത്തൂർ ജംക്‌ഷൻ, കാഞ്ഞങ്ങാട്‌ സൗത്ത്‌ എന്നിവിടങ്ങളിൽ നിർമിക്കുന്ന മേൽപാലങ്ങൾക്കായുള്ള അനുബന്ധ പ്രവൃത്തി ഉടൻ ആരംഭിക്കും. ഇവിടങ്ങളിൽ ഭൂമി നിരപ്പാക്കൽ പൂർത്തിയാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here