കോവിഡ് വ്യാപനത്തില്‍ ആശങ്ക: രോഗികള്‍ക്ക് ഗാര്‍ഹിക നിരീക്ഷണം ഏഴ് ദിവസം; കേന്ദ്രം മാര്‍ഗരേഖ പുതുക്കി

0
258

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ഗാര്‍ഹിക നിരീക്ഷണത്തിനുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. വീടുകളില്‍ ഇനി ഏഴ് ദിവസം മാത്രം നിരീക്ഷണം മതി. രോഗലക്ഷണമില്ലാത്തവര്‍ക്ക് നിരീക്ഷണ കാലയളവിന് ശേഷം പരിശോധന ആവശ്യമില്ലെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. രാജ്യത്ത് അതിവേഗത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗരേഖ കേന്ദ്രം പുതുക്കിയത്.

60 വയസ് കഴിഞ്ഞവര്‍ക്ക് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ വീട്ടില്‍ നിരീക്ഷണം അനുവദിക്കൂ. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും വീടുകളില്‍  നിരീക്ഷണം ഒഴിവാക്കാം. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ അവരെ ആദ്യം പരിശോധനയ്ക്ക് വിധേയരാക്കണമെന്ന നിര്‍ദേശവും മാര്‍ഗരേഖയിലുണ്ട്.

രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അതീവ ആശങ്കയും രേഖപ്പെടുത്തി. മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ജര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ 28 ജില്ലകളില്‍ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 43 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനുള്ളിലാണ്. കഴിഞ്ഞ ദിവസം മാത്രം കോവിഡ് രോഗികളുടെ എണ്ണത്തില്‍ 56 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here