അഹമ്മദാബാദ്: അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തിന് മുന്നോടിയായി മൂന്ന് യുവതാരങ്ങളെ അഹമ്മദാബാദ് ടീമിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ രണ്ട് ടീമുകള്‍ക്ക് ലേലത്തിനുള്ള കളിക്കാരുടെ പൂളില്‍ നിന്ന് മൂന്ന് കളിക്കാരെ വീതം തെരഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍ൾ എന്നിവരെയാണ് അഹമ്മദാബാദ് ടീമിലെത്തിതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഹാര്‍ദ്ദിക്കിന് ടീമിന്‍റെ നായകസ്ഥാനവും നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മൂന്ന് കളിക്കാര്‍ക്ക് പുറമെ ടീമിന്‍റെ പരിശീലക സംഘത്തിന്‍റെ കാര്യത്തിലും അഹമ്മദാബാദ് ടീം അന്തിമ ധാരണയിലെത്തിയിട്ടുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗാരി കിര്‍സ്റ്റനാവും മുഖ്യ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ, മുന്‍ ഇംഗ്ലണ്ട് താരവും സറെ പരിശീലകനുമായ വിക്രം സോളങ്കി എന്നിവരും പരിശീലക സംഘത്തിലുണ്ട്.
ജനുവരി 22ന് മുമ്പ് ലേലത്തിന് മുമ്പ് സ്വന്തമാക്കിയ മൂന്ന് കളിക്കാര്‍ ആരൊക്കെയെന്ന് പുതിയ രണ്ട് ടീമുകളും വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം. മൂന്ന് കളിക്കാരില്‍ ഒരു വിദേശ കളിക്കാരന്‍ മാത്രമെ ഉണ്ടാവാന്‍ പാടുള്ളു. അടുത്തമാസം ബാംഗ്ലൂരിലാണ് ഐപിഎല്‍ മെഗാ താരലേലം നടക്കുക.
2015ല്‍ അടിസ്ഥാനവിലയായ 10 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സിലെത്തിയ ഹാര്‍ദ്ദിക്കിന് 2018ല്‍ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ മുംബൈ നല്‍കിയത് 11 കോടി രൂപയായിരുന്നു. 2017ല്‍ നാലു കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിലെത്തിയ റാഷിദിന് പിന്നീട് ഒമ്പത് കോടി രൂപ നല്‍കിയാണ് ഹൈദരാബാദ് നിലനിര്‍ത്തിയത്. 2018ല്‍ 1.8 കേടി രൂപക്ക് കൊല്‍ക്കത്തയിലെത്തിയ ശുഭ്മാന്‍ ഗില്‍ അവരുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഈ സീസണൊടുവില്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടികയില്‍ നിന്ന് കൊല്‍ക്കത്ത താരത്തെ തഴഞ്ഞിരുന്നു.