മഡ്‍ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) ആരാധകർക്ക് സന്തോഷ വാർത്തയാണ് ഐഎസ്എൽ (ISL) ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് (KBFC) ഉടൻ പരിശീലനം പുനരാരംഭിക്കും. കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) പരിശീലന ഗ്രൗണ്ടിൽ ഇരിക്കുന്ന ചിത്രത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒഡിഷയ്ക്കെതിരായ ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ഇതുവരെ പരിശീലനം നടത്തിയിട്ടില്ല. ടീമിലെ നിരവധി താരങ്ങൾ കൊവിഡ് ബാധിതരായതോടെ അവസാന രണ്ട് മത്സരങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു. കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം. താരങ്ങളെ ലഭ്യമല്ലാത്തതിനെ തുടർന്നാണ് മത്സരങ്ങള്‍ മാറ്റിയത്. ഇതോടെ പരിശീലനവും മുടങ്ങുകയായിരുന്നു. 11 കളിയില്‍ 20 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്.
കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത എടികെ മോഹൻ ബഗാനും ജംഷെഡ്പൂർ എഫ്സിയും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. 15 പോയിന്‍റുള്ള ചെന്നൈയിൻ ഏഴും 9 പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തുമാണ്.
Sights we yearn to see! 😃
🔙 to the training ground soon ⏳@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/qOk3uW7y2u
— K e r a l a B l a s t e r s F C (@KeralaBlasters) January 22, 2022