കൊച്ചി: ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് സ്വർണവില ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമാണ് ഇന്നലെ വില. ഈമാസം പത്തിന് 35,600 രൂപയായിരുന്ന പവൻവില 26ന് 36,720 രൂപയിൽ എത്തിയിരുന്നു.
രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിലയെയും സ്വാധീനിക്കുന്നത്. ഓഹരി വിപണികളുടെ തളർച്ച, റഷ്യ-ഉക്രെയിൻ സംഘർഷം എന്നിവമൂലം സുരക്ഷിത നിക്ഷേപമെന്ന പെരുമകിട്ടിയ സ്വർണത്തിന്റെ രാജ്യാന്തരവില ഔൺസിന് കഴിഞ്ഞദിവസം 1,849 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ, അടിസ്ഥാന പലിശനിരക്കുകൾ കൂട്ടാൻ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചതോടെ സ്വർണവില ഇടിഞ്ഞു. ഇപ്പോൾ വില 1,811 ഡോളർ.
നിലവിൽ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 0-0.25 ശതമാനമാണ്. ഈവർഷം മാർച്ചുമുതൽ നാലുഘട്ടങ്ങളിലായി ഇത് 1-1.25 ശതമാനം ആക്കാനാണ് ഫെഡറൽ റിസർവിന്റെ നീക്കം. ഫെഡറൽ റിസർവിന്റെ തീരുമാനത്തിന് പിന്നാലെ ഡോളറിന്റെ മൂല്യവും കടപ്പത്രങ്ങളുടെ (ബോണ്ട്) യീൽഡും (റിട്ടേൺ/ലാഭം) ഉയർന്നത് സ്വർണത്തിന്റെ തിളക്കം കുറച്ചു. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറി.