കാലിഫോർണിയ : കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ വേളയിൽ വാക്സിനേഷനും മുൻകരുതലുമാണ് മികച്ച പ്രതിരോധ മാർഗങ്ങളായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ മടിക്കുന്നവർ നിരവധിയാണ്. ഭയപ്പാടിനാലും, മതപരമായ കാരണങ്ങൾ ഉയർത്തിയുമാണ് വാക്സിൻ വിരോധികൾ കഴിയുന്നത്. എന്നാൽ ഇത്തരത്തിൽ വാക്സിനെടുക്കാൻ മടികാട്ടിയ ഒരു കുടുംബത്തിനുണ്ടായ ദാരുണമായ സംഭവമാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. നാല് കുട്ടികളുള്ള വാക്സിനെടുക്കാൻ വിസമ്മതിച്ച ദമ്പതികൾ മരണപ്പെട്ട സംഭവമാണ് ഇത്.
യു എസിലെ കാലിഫോർണിയയിൽ നിന്നുള്ള അൽവാരോയും സിൽവിയ ഫെർണാണ്ടസുമാണ് വാക്സിനെടുക്കാത്തതിനാൽ കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നത്. ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇവർ മരണപ്പെട്ടത്. ദമ്പതിമാരിൽ 44കാരനായ അൽവാരോയ്ക്ക് വാക്സിനെടുക്കാനുള്ള ഭയമാണ് തടസമായത്. വാക്സിൻ സ്വീകരിക്കുന്നത് വൈകിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം. കുറച്ച് കൂടി കാര്യങ്ങൾ പഠിച്ച ശേഷം മതി എന്ന തീരുമാനമാണ് കുടുംബത്തിന്റെ സന്തോഷം കവർന്നത്. വാക്സിനെ കുറിച്ച് ഇയാൾ സ്ഥിരമായി ഗൂഗിളിൽ സെർച്ച് ചെയ്യുമായിരുന്നു. വാക്സിനെ സംബന്ധിച്ച് വരുന്ന വാർത്തകളെ വിശ്വസിക്കാനും അദ്ദേഹം തയ്യാറായില്ല.
അൽവാരോയുടേതിന് സമാനമായി വാക്സിൻ സ്വീകരിക്കാൻ മടി കാട്ടിയിട്ടുള്ള മറ്റു പലയാളുകളും കൊവിഡ് പിടിപെട്ട് അത്യാസന്ന നിലയിൽ ആശുപത്രിയിലായിട്ടുണ്ട്. എന്നാൽ വാക്സിൻ സ്വീകരിച്ചവരിൽ കൊവിഡ് വീണ്ടും വരുന്നുണ്ടെങ്കിലും അവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നവർ വിരളമാണ്.