ലക്‌നോ: ഐപിഎല്ലിലെ പുതിയ ടീമായ ലക്‌നോവിന് പേരായി. ലക്‌നോ സൂപ്പര്‍ ജയന്‍റ്സ് എന്നാകും ടീം അറിയപ്പെടുക. ടീമുടമ സഞ്ജീവ് ഗോയങ്ക ആണ് പേര് പ്രഖ്യാപിച്ചത്. എട്ട് വയസുകാരനായ ആരാധകനാണ് പേര് നിര്‍ദേശിച്ചതെന്നും ഗോയങ്ക പറഞ്ഞു. നേരത്തെ ഗോയങ്ക ഉടമയായിരുന്ന പൂനെ ടീമിന്‍റെ പേര് റൈസിംഗ് പുനെ സൂപ്പര്‍ ജയന്‍റ്സ് എന്നായിരുന്നു.
കെ എൽ രാഹുല്‍ നായകനായ ലക്‌നോ ടീമിൽ മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയി എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തിന് മുമ്പ് 17 കോടി രൂപ നല്‍കിയാണ് ലക്‌നോ രാഹുലിനെ ടീമിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് കളിക്കാരെ ടീമിലെത്തിച്ചതോടെ ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കുന്ന മെഗാ താരലേലത്തില്‍ 58 കോടി രൂപയാണ് ലക്‌നോ ടീമിന് പരമാവധി ചെലവഴിക്കാനാവുക.
ഐപിഎല്‍ വേദി, ട്വിസ്റ്റ് തുടരുന്നു
ഐപിഎല്‍ 2022 സീസണ്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് വേദികളും പരിഗണിക്കുന്നുണ്ട്. ഇതിനായി ക്രിക്കറ്റ് സൗത്താഫ്രിക്ക ബിസിസിഐക്ക് മുന്നില്‍ പദ്ധതി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ചെലവ് കുറഞ്ഞ യാത്ര-താമസ സൗകര്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ വാഗ്‌ദാനം. 2009ലെ ഐപിഎല്ലിന് ദക്ഷിണാഫ്രിക്ക വേദിയായിരുന്നു.
ഫെബ്രുവരി 20ന് മുന്‍പ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. മുംബൈ പ്രധാന വേദിയായി കാണികളില്ലാതെ മത്സരം ഇന്ത്യയില്‍ തന്നെ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊവിഡ് ആശങ്കകള്‍ക്കിടയിലും ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ പദ്ധതിയിടുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.