അബുദാബി: ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് (blades), ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍ ശിക്ഷ ലഭിക്കും. രാജ്യത്ത് ഭേദഗതി വരുത്തിയ പുതിയ ശിക്ഷാ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021ലെ ഫെഡറല്‍ ഉത്തരവ് നമ്പര്‍ 31 പ്രകാരം ഈ വര്‍ഷം ജനുവരി രണ്ട് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.
മൂര്‍ച്ചയുള്ള ആയുധങ്ങളുമായി നടക്കുന്നവര്‍ അവ ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാലല്ലാതെ ഇത്രയും നാള്‍ കുറ്റവാളിയാകുമായിരുന്നില്ല. എന്നാല്‍ പുതിയ നിയമം വന്നതോടെ പൊതുസമൂഹത്തിന് ഭീഷണിയാവുന്ന തരത്തില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി നടക്കുന്നത് കുറ്റകരമായി മാറിയിട്ടുണ്ട്. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന ഇറച്ചിവില്‍പന, ആശാരിപ്പണി, പ്ലംബിങ് തുടങ്ങിയ ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാവും അവ കൊണ്ടുനടക്കാനുള്ള അനുമതിയുള്ളത്. ആയുധങ്ങള്‍ കൊണ്ടുനടക്കുന്നത് പൊതുസമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയായി കണക്കാക്കി ജയില്‍ ശിക്ഷയോ പിഴയോ ലഭിക്കും.
പുതിയ നിയമം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകമാവുമെന്നും നിയമ രംഗത്തുള്ളവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പെട്ടെന്നുള്ള പ്രകോപനങ്ങളുടെ പേരില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും. ആയുധങ്ങളുമായി നടക്കുന്നത് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ ആളുകള്‍ മടിക്കുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.