തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ ഞായറാഴ്ച നിയന്ത്രണം ഇന്ന് രാത്രി 12ന് നിലവില്‍ വരും. നാളെയും അടുത്ത ഞായറാഴ്ചയായ മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളൂ. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ,
പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവർത്തിക്കാം തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘദൂര ബസുകൾക്കും ട്രെയിനുകളും സർവ്വീസ് നടത്തും. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല,
പാര്‍സല്‍ വാങ്ങണമെന്നാണ് നിർദേശം. അടിയന്തര സാഹചര്യത്തില്‍ മാത്രമേ വര്‍ക്ഷോപ്പുകള്‍ തുറക്കാവൂ. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. അതേസമയം, നാളെ കള്ള് ഷാപ്പുകൾ തുറക്കുമെങ്കിലും ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകൾ പ്രവർത്തിക്കില്ല.
കുറയാതെ കൊവിഡ്
കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് മരണസംഖ്യ 70 ആയി കൂടിയതും, ഇന്നും റെക്കോഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതും ആശങ്കയാവുകയാണ്. ഇന്ന് 44.8% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.