നാല് ജില്ലകളില്‍ കൂടി കടുത്ത നിയന്ത്രണം, തിയേറ്ററുകളും ജിമ്മും അടക്കും; പൊതുപരിപാടികള്‍ അനുവദിക്കില്ല

0
263

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റ​ഗറിയിലുള്ളത്.

ആശുപത്രിയിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ കാറ്റ​ഗറി തിരിക്കുന്നത്. ആകെ രോ​ഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കൊവിഡ് രോ​ഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്. ഈ ജില്ലകളിലും സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കി.

നിയന്ത്രണങ്ങൾ….

  • മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.
  • വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.
  • സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
  • എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ  ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം. റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ഈ ജില്ലകളിൽ തുടരും.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി ബിയിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി എയിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

ഫെബ്രുവരി 15നുള്ളിലാണ് വ്യാപനം ഉച്ഛസ്ഥായിലെത്തുക എന്നാണ് മുൻ പ്രവചനം. പക്ഷേ ഇത് നേരത്തെയാകാമെന്നാണ് പുതിയ സൂചനകളെന്നാണ് വിദഗ്ധരുടെ പുതിയ മുന്നറിയിപ്പെന്ന് സർക്കാർ പറയുന്നു. താഴെ തട്ടിൽ പ്രതിരോധം ശക്തമാക്കാനാണ് തീരുമാനം. ഒരു കുടുംബത്തിലെ എല്ലാവരും പെട്ടെന്ന് രോഗികളാകുന്ന സ്ഥിതിയാണ് ഇപ്പോൾ. പലർക്കും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്, ഈ പശ്ചാത്തലത്തിൽ സമൂഹ അടുക്കള തുടങ്ങുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കാനുള്ള നിർദ്ദേശം വന്നിട്ടുണ്ട്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം വിളിക്കണം. ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടുകളിൽ ഭക്ഷണം എത്തിക്കാൻ സന്നദ്ധ സംഘടകളുടെ സേവനം തേടാനും നിർദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here