വളാഞ്ചേരി: ദേശീയ പാതക്കായി വെട്ടിച്ചിറയില്‍ മാറ്റുന്നത് നൂറ്റാണ്ടുകളോളം പഴക്കമുള്ള 700 ഖബറുകള്‍. 50 സെന്റ് ഭൂമി റോഡ് വികസനത്തിനായി വിട്ടു നല്‍കുന്നതിന്റെ ഭാഗമായാണ് ഖബറുകൾ മാറ്റുന്നത്. നുറ്റാണ്ടുകള്‍ പഴക്കമുള്ള ഖബറിടങ്ങള്‍ മാറ്റിസ്ഥാപിച്ചാണ് മഹല്ല് കമ്മിറ്റി വികസന പ്രര്‍ത്തനങ്ങള്‍ക്ക് മാതൃക തീര്‍ത്തത്. ദേശീയപാതക്ക് ഭൂമി വിട്ടുനല്‍കുകയെന്ന കമ്മിറ്റിയുടെ തീരുമാനം മഹല്ലിലെ 1100 കുടുംബങ്ങള്‍ പിന്തുണക്കുകയും അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
വെട്ടിച്ചിറയിലെ പുരാതന തറവാടായ അരീക്കാടന്‍ കുടുംബം നല്‍കിയ വഖ്ഫ് ഭൂമിയിലാണ് ദേശീയപാതയോരത്തോട് ചേര്‍ന്ന് വെട്ടിച്ചിറ മഹല്ല് ജുമുഅ മസ്ജിദും ഖബര്‍സ്ഥാനും നില്‍ക്കുന്നത്. പൗരപ്രമുഖനായ അരീക്കാടന്‍ ബാവ ഹാജി പ്രസിഡന്റും കെ കെ എസ് തങ്ങള്‍ സെക്രട്ടറിയും അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല ട്രഷററുമായ കമ്മിറ്റിയാണ് മഹല്ല് കമ്മിറ്റി ഭരിക്കുന്നത്.
പള്ളിക്ക് ദേശീയപാതയുടെ ഇരുവശങ്ങളിലും ഖബറിടങ്ങളുണ്ട്. അതില്‍ 700 ഖബറിടങ്ങളാണ് ഭൂമി വിട്ടുനല്‍കുമ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടിവരിക. ഇതില്‍ 200ഓളം പേരുടെ ഖബര്‍ ബന്ധുക്കളുടെ സ്വന്തം ചെലവില്‍ ബന്ധുക്കളെ അടക്കം ചെയ്തതിനരികിലേക്ക് മാറ്റിസ്ഥാപിച്ചു. പഴക്കമുള്ളതും ബന്ധുക്കള്‍ ആരെന്നറിയാത്തതും പൊതു ഖബറിടം നിര്‍മിച്ച് അടക്കം ചെയ്യാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം.