ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ റിഷി ധവാൻ, ഷാറൂഖ് ഖാൻ എന്നീ താരങ്ങൾ ദേശീയ ടീമിൽ ഇടം പിടിക്കാൻ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഹിത് ശർമ്മ നായകനായി തന്നെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തും.
വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് റിഷിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ കാരണം. ഹിമാചലിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ഈ ഓൾറൗണ്ടർ ടൂർണമെന്റിലെ എട്ട് മത്സരങ്ങളിൽ നിന്ന് 458 റൺസ് നേടിയിരുന്നു. 18 വിക്കറ്റും റിഷിയുടെ പേരിലുണ്ടായിരുന്നു. തമിഴ്നാടിന്റെ വെടിക്കെട്ട് ബാറ്ററായ ഷാരൂഖിനെ വിൻഡീസിനെതിരായ ടി20 പരമ്പരയിലേക്കാണ് പരിഗണിക്കുന്നത്.
സെയിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ഷാറൂഖിന് തുണയായത്. 31-കാരനായ റിഷി 2016-ൽ ഇന്ത്യക്കായി രണ്ട് ഏകിദനും ഒരു ടി20യും കളിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം പുറത്തിരിക്കുന്നതിനാല്‍ ഓൾറൗണ്ടർ എന്ന നിലയ്ക്കാണ് റിഷിയെ പരിഗണിക്കുന്നത്. വാലറ്റത്ത് നടത്തുന്ന വെടിക്കെട്ട് ബാറ്റിങാണ് ഷാറൂഖിന് തുണയാകുക.
അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടി20 പരമ്പരക്കായുള്ള ടീമിൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പാണ്. മധ്യനിരയും വാലറ്റവും ഉടച്ചുവാര്‍ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കുറച്ചു കാലങ്ങളായി മോശം ഫോമിൽ തുടരുന്ന ഭുവനേശ്വർ കുമാറിനും ടീമിൽ സ്ഥാനമുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ജസ്പ്രീത് ബുറംക്ക് വിശ്രമം അനുവദിച്ചേക്കും. യുവതാരം വെങ്കിടേഷ് അയ്യരെയും പരിഗണിക്കാൻ സാധ്യത കുറവാണ്. അശ്വിനും ഇടം ലഭിച്ചേക്കില്ല. വിശ്രമം വേണമെന്ന് അശ്വിന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുളുണ്ട്.
മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്നതാണ് ഇന്ത്യയും വെസ്റ്റ്ഇൻഡീസും തമ്മിലുള്ള പരമ്പര. ആദ്യ ഏകദിനം ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ്. മൂന്ന് ഏകദിന മത്സരങ്ങളും ഇതെ വേദിയിലാണ്. ടി20 മത്സരങ്ങൾ കൊൽക്കത്തയിലും.