ജീവകാരുണ്യ പ്രവര്‍ത്തകനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

0
252

കാസര്‍കോട്: തലചായ്ക്കാന്‍ ഒരിടമില്ലാതെ വിഷമിച്ച നൂറുകണക്കിനാളുകള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കി കാരുണ്യത്തിന്റെ മഹാവിളക്കായി പ്രകാശിച്ച ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ട് (84) വിടവാങ്ങി. കാസര്‍കോടുകണ്ട ഏറ്റവും ശ്രദ്ധേയനായ ജീവകാരുണ്യ പ്രവര്‍ത്തകന്റെ വേര്‍പാട് ഇന്നുച്ചയോടെയായിരുന്നു.

സായിറാം ഗോപാലകൃഷ്ണഭട്ടിന്റെ കാരുണ്യ പ്രവര്‍ത്തനം എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് മൂന്നൂറോളം പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കിയത്. തൊഴിലില്ലാത്ത നിരവധി പേര്‍ക്ക് ഓട്ടോറിക്ഷകള്‍, തയ്യല്‍ മെഷീനുകള്‍ തുടങ്ങിയവ നല്‍കി തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തിരുന്നു. കാശിക്ക് പോകാനായി കരുതിവെച്ച തുക വീട് നിര്‍മ്മാണത്തിനായി സഹായം തേടിയെത്തിയ ഒരാള്‍ക്ക് നല്‍കി തുടങ്ങിയതാണ് കാരുണ്യത്തിന്റെ ആ മഹാപ്രവാഹം. മെഡിക്കല്‍ ക്യാമ്പുകളടക്കം സംഘടിപ്പിച്ചിരുന്നു.

സായിറാംഭട്ടിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെര്‍ക്കളം അബ്ദുല്ല അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ബദിയടുക്കയില്‍ നല്‍കിയ സ്വീകരണത്തില്‍ എം.പി അബ്ദുസമദ് സമദാനി അടക്കമുള്ളവര്‍ സംബന്ധിച്ചിരുന്നു. പത്മശ്രീ പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള പട്ടികയിലേക്ക് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പേര് നിര്‍ദ്ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here