കണ്ണൂർ: കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. സിൽവർ ലൈൻ വന്നാൽ തന്റെ വീടോ കുടുംബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ മരിക്കേണ്ടി വന്നാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും റിജിൽ വ്യക്തമാക്കി. തന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണെന്നും റിജിൽ കുറിച്ചു.
റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എൻ്റെ വീടോ എൻ്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല.
കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും
പിറകോട്ടില്ല. ഇത് KPCC പ്രസിഡൻ്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്.
സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും
സന്തോഷം സംഘികൾക്ക് ആണ്. അതു കൊണ്ട് തന്നെ എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്.
അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്.
ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്.
അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും.
ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ
അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട
പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ചമുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്.
ഇതാണ് ചുവപ്പ് നരച്ചാൽ കാവി.
‘ഗുണ്ടാപ്രമുഖരെ’ വെച്ച് തല്ലിയൊതുക്കുന്നുവെന്ന് ഷാഫി പറമ്പില്‍
ജനാധിപത്യ പ്രതിഷേധങ്ങളെ പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പൊലീസ് നോക്കി നിൽക്കെ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള ‘ഗുണ്ടാ പ്രമുഖർ’ നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല- .ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.