ന്യൂഡല്‍ഹി: മുസ്‌ലിം വനിതകളെ ‘ഓണ്‍ലൈന്‍ ലേല’ത്തിനു വെച്ച് അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണം. വനിതകളുടെ ചിത്രങ്ങള്‍, അവരുടെ അറിവില്ലാതെ അപ്‌ലോഡ് ചെയ്യുകയും ഓണ്‍ലൈനില്‍ ലേലത്തിനു വെക്കുകയുമായിരുന്നു. ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലാണ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ ശിവസേന എം.പി. പ്രിയങ്കാ ചതുര്‍വേദി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതിനു പിന്നാലെ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രതികരണവുമെത്തി.
യൂസറിനെ രാവിലെ തന്നെ ബ്ലോക്ക് ചെയ്‌തെന്ന് ജിറ്റ് ഹബ് അറിയിച്ചു. സി.ഇ.ആര്‍.ടിയും (കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) പോലീസും സംയുക്തമായി തുടര്‍നടപടികള്‍ ഏകോപിപ്പിക്കുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
പ്രിയങ്കാ ചതുര്‍വേദിയുടെ അഭ്യര്‍ഥനയ്ക്കു പിന്നാലെയാണ് സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഡല്‍ഹി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ചിത്രവും ബുള്ളി ബായിയില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സുള്ളി ഡീല്‍സിന്റെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ്. വലതുപക്ഷ ട്രോളുകളില്‍ മുസ്‌ലിംവനിതകളെ ലക്ഷ്യമാക്കി ഉപയോഗിക്കുന്ന അധിക്ഷേപകരമായ പദമാണ് സുള്ളി. ലക്ഷ്യംവെക്കുന്നവരെ അപമാനിക്കുക, ശല്യം ചെയ്യുക തുടങ്ങിയവയാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ ലക്ഷ്യമെന്ന് വിമര്‍ശകര്‍ പറയുന്നു.