പട്‌ന: തോട്ടത്തില്‍ കളിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തെന്നാരോപിച്ച് ബിഹാറില്‍ മന്ത്രിയുടെ മകനെ ഗ്രാമവാസികള്‍ മര്‍ദിച്ചു. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരന്‍ ജില്ലയിലായിരുന്നു സംഭവം. ബിഹാര്‍ ടൂറിസം മന്ത്രി നാരായണ്‍ പ്രസാദ് സാഹയുടെ മകന്‍ ബബ്ലു കുമാര്‍ കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തെന്നാണ് ആരോപണം.
ഇതേ തുടര്‍ന്ന് മന്ത്രിയുടെ മകന്‍ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മില്‍ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. ബബ്ലു കുമാറിന്റെ കൈയില്‍ നിന്ന് ഗ്രാമവാസികള്‍ തോക്ക് തട്ടിയെടുക്കുകയും ചെയ്തു.
ഹര്‍ദിയ ഗ്രാമത്തിലാണ് മന്ത്രി നാരായണ്‍ പ്രസാദ് സാഹയുടെ വീടുള്ളത്. മന്ത്രിയുടെ ഇവിടെയുള്ള മാമ്പഴ തോട്ടത്തില്‍ ഞായറാഴ്ച രാവിലെ ഒരു സംഘം കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ സമയം മന്ത്രിയുടെ മകന്‍ ബബ്ലു പ്രസാദും കൂട്ടാളികളും ഇങ്ങോട്ടേക്കെത്തുകയും കുട്ടികളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തോ കാര്യത്തെ ചൊല്ലി കുട്ടികളും മന്ത്രി പുത്രനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ചില കുട്ടികള്‍ക്ക് മര്‍ദനമേറ്റു. തുടര്‍ന്ന് കുട്ടികളെ ഓടിക്കാന്‍ മന്ത്രിപുത്രന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഒരു കുട്ടിക്ക് പരിക്കേറ്റതായി ഗ്രാമവാസികള്‍ ആരോപിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് മര്‍ദനമേറ്റതറിഞ്ഞ് ഗ്രാമവസികള്‍ സംഘടിച്ച് ഇങ്ങോട്ടേക്കെത്തി. മന്ത്രി പുത്രനേയും കൂട്ടാളികളേയും ഗ്രാമവാസികള്‍ മര്‍ദിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ മന്ത്രിയുടെ കാറും ഗ്രാമവാസികള്‍ എറിഞ്ഞു തകര്‍ത്തു. സ്ഥിതിഗതികള്‍ ഗുരുതരമാകുന്നത് കണ്ട് മന്ത്രിയുടെ മകനും ഒപ്പമുണ്ടായിരുന്നവരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മന്ത്രിയുടെ മകനൊപ്പം അമ്മാവന്‍ ഹരേന്ദ്ര പ്രസാദും സഹായികളും ഉണ്ടായിരുന്നതായും എല്ലാവര്‍ക്കും പരിക്കേറ്റതായും പോലീസ് അറിയിച്ചു.
ക്രിക്കറ്റ് കളിക്കുന്നതിനിടെ മന്ത്രിയുടെ കുടുംബാംഗങ്ങള്‍ കുട്ടികളെ മര്‍ദിച്ചുവെന്നും ബബ്ലു ആകാശത്തേക്ക് വെടിയുതിര്‍ത്തത് സ്ഥിതി വഷളാക്കിയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം. എന്നാല്‍ താന്‍ വെടിയുതിര്‍ത്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിപുത്രന്റെ അവകാശവാദം.
കല്ലേറില്‍ ഇരുവിഭാഗത്തിനും പരിക്കേറ്റതായി ബിഹാര്‍ ടൂറിസം മന്ത്രി നാരായണ്‍ പ്രസാദ് സാഹ പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെ കുട്ടികളുടെ ബന്ധുക്കള്‍ ഇഷ്ടികകള്‍ എറിയുകയായിരുന്നു. തന്റെ മകന്‍ വെടിയുതിര്‍ത്തില്ല, റിവോള്‍വര്‍ തട്ടിപ്പറിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എതിരാളികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള കിംവദന്തികളാണ് പടച്ചുവിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Bihar BJP Minister Narayan Prasad's son Bablu,opened gun fire on village kids playing cricket in Hardia,Bettiah. Is this Democracy? Where are poor small kids playing cricket are thretenened with Gun? @RahulGandhi @yadavtejashwi @narendramodi @ndtv @IndiaToday @NitishKumar pic.twitter.com/BwYwC8s8MO
— Kumar (@brightgaurav) January 23, 2022