കര്‍ണാടകത്തില്‍ വാരാന്ത്യ കര്‍ഫ്യൂ നീക്കി; തമിഴ്‌നാട്ടില്‍ ഞായറാഴ്ച ലോക്​ഡൗൺ

0
245

ബെംഗളൂരു/ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ എടുത്തുകളഞ്ഞു. അതേസമയം രാത്രി പത്ത് മുതല്‍ രാവിലെ അഞ്ചു മണി വരെയുള്ള നിയന്ത്രണങ്ങള്‍ തുടരും.

കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസൃതമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്ന് കര്‍ണാടക സാങ്കേതിക ഉപദേശക സമിതി അറിയിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു കര്‍ണാടകത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് എടുത്തുകളഞ്ഞിരിക്കുന്നത്. വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.  നിലവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക്  അഞ്ച് ശതമാനത്തിനടുത്ത് മാത്രമാണ്. ഇത് വര്‍ധിച്ചാല്‍ വീണ്ടും വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ തമിഴ്‌നാട്ടില്‍ അടുത്ത ഞായറാഴ്ച ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ബസ്, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്ന ടാക്‌സികള്‍ക്കും ഓട്ടോകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here