കോട്ടയം: ഒരു സർട്ടിഫിക്കറ്റ് തന്നെ ലഭിക്കാൻ ചിലർ നടത്തുന്ന ഭഗീരഥയത്നം നാം കണ്ടതാണ്. എന്നാൽ ഒരു ദിവസം കൊണ്ട് 81 കോഴ്സുകളുടെ സർട്ടിഫിക്കറ്റ് സ്വന്തമാക്കി ലോക റെക്കോർഡിട്ടിരിക്കുകയാണ് കോട്ടയം സ്വദേശി രഹ്ന ഷാജഹാൻ. ഒരുദിവസം കൊണ്ട് ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റ് കോഴ്സ് നേടിയതിനുള്ള ഇന്റർ നാഷണൽ ബുക്സ് ഓഫ് റെക്കോഡ്സിലാണ് രഹ്ന ഇടം നേടിയത്. ഇതോടെ ഒരു ദിവസം കൊണ്ട് 75 സർട്ടിഫിക്കറ്റ് നേടിയെ ലോക റൊക്കോർഡാണ് തിരുത്തിയത്.
ജാമിഅ മില്ലിയ യൂണി വേഴ്സിറ്റിയിൽ എം.ബി.എ നേടിയ രഹ്ന ഗൈഡൻസ് ആന്റ് കൗൺസലിങ്ങിൽ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. മുമ്പ് ഒരു ദിസവം കൊണ്ട് 50 സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഡൽഹിയിലെ വുമൺസ് മാനിഫെസ്റ്റോ സംഘടനയുടെ സിഇഒയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ ശ്രമം നടത്തിയതെന്ന് രഹ്ന പറഞ്ഞു. ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങളും രഹ്നയെ തേടിയെത്തി. ഇന്റർനാഷണൽ ഇൻസ്പിറേഷണൽ വുമൺ അവാർഡ് നേടിയത് ഈയിടെയാണ്.
നിലവിൽ ദുബൈ മലബാർ ഗോൾഡ്&ഡയമണ്ടിൽ എച്ച്. ആർ ആയി ജോലി ചെയ്യുകയാണ്. ഇബ്രാഹിം റിയാസാണ് രഹ്നയുടെ ഭർത്താവ്. കോട്ടയം വേളൂർ വി.എം ഷാജഹാന്റെയും റഫീയത്തിന്റെയും മകളാണ്. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി നഹ് ല ഷാജഹാനാണ് സഹോദരി.