ഒമിക്രോൺ വ്യാപനം: രാത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാട്, സ്കൂളുകൾ അടച്ചു

0
372

ചെന്നൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. നാളെ മുതൽ തമിഴ്നാട്ടിൽ രാത്രി ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ എന്നിവ രാത്രി പത്ത് മണിക്ക് ശേഷം പ്രവ‍ർത്തിക്കരുത്. നേരത്തെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള  നിയന്ത്രണങ്ങളാണ് ഒമിക്രോൺ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ്  പുതുക്കി നിശ്ചയിച്ചത്.

സ്കൂളുകൾ തത്കാലത്തേക്ക് അടക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാ‍ർത്ഥികൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ആയിരിക്കും. പാൽ, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങൾക്ക് വിലക്കുണ്ടാവില്ല. പെട്രോൾ പമ്പുകൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാം. ഹോട്ടലുകളിലും മെട്രോ ട്രെയിനിലും 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും ഒരേസമയം പ്രവേശനത്തിന് അനുമതി. സംസ്ഥാനത്തെ സ്വകാര്യ ഐടി കമ്പനികളോട് വർക് ഫ്രം ഹോം തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.

ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് വീണ്ടും പരിശോധന തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പരിശോധിക്കുന്നില്ല. ആരെയും മടക്കി അയക്കുന്നില്ല. ആ‍ർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നൽകി കടത്തിവിടുകയാണ് ചെയ്യുന്നത്.

സാമൂഹിക അകലം ഉറപ്പാക്കാൻ നിയമസഭയ്ക്ക് പുറത്തുള്ള കലൈവാണർ അരംഗം ഓഡിറ്റോറിയത്തിലാണ് ഇന്ന് തമിഴ്നാട് നിയമസഭ ചേ‍ർന്നത്.  രണ്ട് ഡോസ് വാക്സീനും എടുത്തവർക്ക് മാത്രമാണ് സഭയ്ക്കുള്ളിൽ പ്രവേശനം അനുവദിച്ചത്.  ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1728 കൊവി‍ഡ് കേസുകളിൽ 876ഉം ചെന്നൈയിൽ നിന്നാണ്. ചെന്നൈ നഗരത്തിൽ കൂടുതൽ ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്ത അഞ്ച് ലക്ഷത്തിലേറെപ്പേർ ഇപ്പോഴും ചെന്നൈ നഗരത്തിൽ മാത്രമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധയുടെ തോത് കൂടിയത് മൂന്നാം തരംഗമാകാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഇന്നലെ സൂചന നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇന്നുരാവിലെ മുഖ്യമന്ത്രി സ്റ്റാലിൻ മാസ്ക് വിതരണം ചെയ്യുന്നതുൾപ്പെടെ ബോധവൽക്കരണ പരിപാടികൾക്കായി നേരിട്ട് തെരുവിലിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here