ഇന്ത്യയില്‍ മതത്തില്‍ നിന്ന് കൂടുതല്‍ അകലുന്നത് മുസ്‌ലിങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

0
635

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി സര്‍വേ റിപ്പോര്‍ട്ട്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ്(സി.എസ്.ഡി.എസ്) ആണ് പഠനം നടത്തിയത്. 18 സംസ്ഥാനങ്ങളിലായി 18 മുതല്‍ 34 വയസ് വരെ പ്രായമുള്ള 6,277 പേരില്‍ ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ‘ഇന്ത്യന്‍ യൂത്ത്: ആപ്പിറേഷന്‍സ് ആന്‍ഡ് വിഷന്‍ ഫോര്‍ ദ ഫ്യൂച്ചര്‍’ എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മതത്തിന്റെ പേരില്‍ മറ്റുള്ളവരില്‍ നിന്ന് കടുത്ത വിവേചനം നേരിടുന്നത് മുസ്‌ലിം സമുദായമാണെന്നും സര്‍വേ കണ്ടെത്തി. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും സിഖുകാരും ഇന്ത്യയിലെ സാമുദായിക സംഘര്‍ഷങ്ങളില്‍ കടുത്ത നിരാശയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ മുസ്‌ലിങ്ങളെ പോലെ ക്രിസ്ത്യാനികളും സിഖുകാരും മതവിവേചനം അനുഭവിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും മുസ്‌ലിങ്ങള്‍ക്കിടയില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ 85 ശതമാനം മുസ്‌ലിം യുവാക്കളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭാഗമായിരുന്നു. എന്നാല്‍ 2021ല്‍ ഇത് 79 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രാര്‍ഥന, ഉപവാസം, മതപരമായ കാര്യങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്യുക എന്നിവയുടെ അനുപാതം 2016ലെ സര്‍വേയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കണക്കില്‍ മറ്റ് മതങ്ങള്‍ക്കിടയിലും ഇടിവുണ്ടായെങ്കിലും മുസ്‌ലിങ്ങള്‍ക്കിടയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് കാണിക്കുന്നത്.

ഹിന്ദുക്കള്‍ നാല് ശതമാനവും ക്രിസ്ത്യന്‍ രണ്ട് ശതമാനവും സിഖുകാരില്‍ ഒരു ശതമാനവും ഇടിവുണ്ടായപ്പോള്‍ മസ്‌ലിങ്ങളില്‍ ആറ് ശതമാനമാണ് ഇടിവുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here