അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച പ്രവൃത്തിദിനമായ ആദ്യദിനം. ആഴ്ചയിലെ പ്രവൃത്തിദിവസങ്ങള്‍ നാലരയായി കുറച്ചതിനു ശേഷം യുഎഇയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വെള്ളിയാഴ്ച എന്ന പ്രത്യേകതകൂടി ഇന്നത്തെ ദിവസത്തിനുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ യുഎഇ വാരാന്ത്യ അവധി രണ്ടര ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ മേഖലയ്ക്ക് ഒപ്പം മിക്ക സ്വകാര്യ സ്ഥാപനങ്ങളും രണ്ടരദിവസം അവധിയിലേക്ക് നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് തടസ്സംവരാതിരിക്കാനായി യുഎഇയില്‍ എമ്പാടും ജുമാ നമസ്‌കാരം ഉച്ചയ്ക്ക് 1.15 ആക്കി ഏകീകരിച്ചിരുന്നു.
ഷാര്‍ജയില്‍ വെള്ളിയാഴ്ച അടക്കം മൂന്ന് ദിവസമാണ് വാരാന്ത്യ അവധി. അതിനാല്‍ ജുമാ നമസ്‌കാരം പതിവുപോലെ ഹിജ്രി കലണ്ടര്‍ അനുസരിച്ചാണ്. ആഗോള വാണിജ്യ രീതിയിലേക്ക് മാറാനും തൊഴില്‍- ജീവിത സന്തുലനം മുന്‍നിര്‍ത്തിയുമാണ് യുഎഇ വെളളി പ്രവൃത്തിദിനമാക്കുകയും ശനി ഞായര്‍ അവധി ദിനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്.
ലോകത്തില്‍തന്നെ പ്രവൃത്തിവാരം അഞ്ച് ദിവസത്തില്‍ താഴെയാക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. വെളളിയാഴ്ച പ്രവൃത്തിദിനമായ എമിറേറ്റുകളില്‍ വീടുകളിലിരുന്ന് ജോലിചെയ്യാനുളള സൗകര്യവും നല്‍കിയിട്ടുണ്ട്. ഇതിന് കമ്പനികളുടെ അനുമതി ഉണ്ടായാല്‍ മാത്രം മതി.